കെ എസ് ആർ ടി സി ജീവനക്കാർക്ക് പല വാക്കുകൾ പല ഭരണകർത്താക്കളും നൽകിയിട്ടുണ്ടെങ്കിലും അത് പലതും വെള്ളത്തിൽ വരച്ച വര പോലെ ആയിട്ടുണ്ട്. എന്നാൽ അംഗീകൃത സംഘടനകളുമായി ഉണ്ടാക്കിയ കരാർ പ്രകാരം എല്ലാ മാസവും അഞ്ചാം തിയതി ശമ്പളം കൊടുക്കാമെന്ന വാഗ്ദാനം സർക്കാർ ലംഘിച്ചിരിക്കുകയാണ്. ഇന്ന് ജൂൺ 30 ആയിട്ടും മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.കരാർ ലംഘനം എന്നത് മാന്യതക്ക് നിരക്കുന്നതല്ല അതുകൊണ്ട് തന്നെ വാക്കുപാലിക്കാനുള്ളതാണ് എന്ന് വകുപ്പുമന്ത്രിയെ ഓർമ്മിപ്പിക്കാൻ കൂടിയാണ് ഈ പ്രതിഷേധമെന്ന് ബി എം എസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡൻറ് പി.കെ.രവീന്ദ്രനാഥ് പറഞ്ഞു. ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി എംപ്ലോയീസ് സംഘ് നടത്തുന്ന അനിശ്ചിതകാല പ്രതിഷേധ ധർണ്ണയുടെ ഇരുപത്തിനാലാം ദിവസം പാലക്കാട് ഡിപ്പോയിലെ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കെ എസ് ആർ ടി സി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണപ്രകാരം ശമ്പള വിതരണം നടത്താൻ സർക്കാർ തയ്യാറായില്ല. എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം പത്തു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് ആദ്യപടിയായി കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീന്നക്കാർക്ക് ശമ്പളം നൽകിയത്. അതോടെ സമരം അവസാനിപ്പിക്കുമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പത്തു ദിവസങ്ങൾക്കു ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു. എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്നു പറയാൻ പോലും സർക്കാരിനാവുന്നില്ല. സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളത്. ഏതു തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ശമ്പള പ്രതിസന്ധി. സർക്കാരും മാനേജ്മെന്റും ഭരണകക്ഷി യൂണിയനും ചേർന്ന മൂവർ സഖ്യത്തിന്റെ തിരക്കഥയാണിപ്പോൾ അരങ്ങേറുന്നത്. സി ഐ ടി യു യൂണിയൻ കെ എസ് ആർ ടി സിയുടെ വസ്തു വിറ്റാലും കടം വീട്ടാവുന്നതാണ് എന്ന നിർദ്ദേശം ഈ “മുക്കൂട്ട് മുന്നണി ” യുടെ യഥാർത്ഥ ഉദ്ദേശം വെളിവാക്കുന്നു. കെ എസ് ആർ ടി സി ജീവനക്കാർ വസ്തുതകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നത് ഇക്കൂട്ടർ തിരിച്ചറിയണം. ചവിട്ടടിയിലെ മണ്ണൊലിച്ചു പോവുമ്പോഴും യജമാനഭക്തി കൈവിടാത്തവർക്ക് കാലം മറുപടി നൽകിയ ചരിത്രം കെ എസ് ആർ ടി സിയിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധർണ്ണയിൽ കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.വി.രമേഷ്കുമാർ, വി.കണ്ണൻ, എൽ. രവിപ്രകാശ്, പി.സി.ഷാജി,അരുൺ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു.