പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കിടത്തിച്ചികിത്സയ്ക്ക് സജ്ജമാകുന്നു. ജൂൺ പത്തിനകം 100 കിടക്കയുള്ള വാർഡ് പ്രവർത്തനം തുടങ്ങും.
ജില്ലാ ആശുപത്രിയിൽനിന്ന് മാറ്റിയതുൾപ്പെടെ ഇവിടെ ഒമ്പത് വിഭാഗങ്ങളിൽ ഒപി പ്രവർത്തിക്കുന്നു. ജനറൽ മെഡിസിൻ, സർജറി, ത്വക്ക് രോഗം, ദന്തരോഗം, യൂറോളജി, ന്യൂറോളജി, ഫിസിക്കൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഒപിയാണുള്ളത്. കൂടാതെ എആർടി സെന്ററും ഡോഗ് ബൈറ്റ് ക്ലിനിക്കുമുണ്ട്. ആയിരത്തോളം പേർ ദിവസവും ഒപിയിലെത്തുന്നുണ്ട്.
കൂടാതെ കോവിഡ് ആർടിപിസിആർ പരിശോധനയും വാക്സിനേഷൻ ക്യാമ്പും മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നു. കൂടുതൽ മുറികൾ തയ്യാറാകുന്നതോടെ കൂടുതൽ വിഭാഗങ്ങളിൽ ഒപി തുടങ്ങുമെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ എം എസ് പത്മനാഭൻ പറഞ്ഞു.










