മെഡിക്കല്‍ ക്യാമ്പ് വിപുലപ്പെടുത്തണം
പാലക്കാട്
ജില്ലയിൽ വിവിധ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് വിപുലപ്പെടുത്താൻ നിർദേശം. ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്. ഉറവിട മാലിന്യ സംസ്‌കരണം, ബയോ വേസ്റ്റ് മാനേജ്‌മെന്റ് എന്നിവ പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വ മിഷൻ കോ–-ഓർഡിനേറ്റർ ടി ജി അഭിജിത്ത് അറിയിച്ചു.
249 കിണർ റീചാർജിങ്ങും 397 കിണറുകളുടെ നിർമാണവും ഹരിത കേരളം മിഷനിലൂടെ പൂർത്തിയാക്കി. 272 കുളങ്ങളും 843 മഴക്കുഴികളും നിർമിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തെരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിൽ 11 എണ്ണത്തിന്റെ പണി പുരോഗമിക്കുന്നതായി പൊതുവിദ്യാഭ്യാസം ജില്ലാ കോ–-ഓർഡിനേറ്റർ അറിയിച്ചു.
ലൈഫ് ഭവനപദ്ധതിയിൽ ഒന്നാംഘട്ടം 94 ശതമാനവും രണ്ടാംഘട്ടം 91 ശതമാനവും പൂർത്തിയായതായി ലൈഫ് മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തരിശുനില കൃഷിക്കായി 51.9 കോടി രൂപയുടെയും സാധാരണ കൃഷികൾക്കായി 47.6 കോടിയുടെയും പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
2973 കർഷകരാണ് 856 ഹെക്ടർ സ്ഥലത്ത് തരിശുനില കൃഷി ചെയ്യുന്നത്. യോഗത്തിൽ കെ ബാബു എംഎൽഎ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ എന്നിവർ പങ്കെടുത്തു.