തമിഴിലും, മലയാളത്തിലുമായി പത്തോളം സിനിമകള്‍, ഉയരങ്ങൾ കീഴടക്കാൻ മഞ്ജുവിന് ഇനി വിനുരാജിന്റെ കൂട്ട്
പാലക്കാട് ∙ ജീവിതത്തിന്റെ ഉയരങ്ങളിലേക്കു കുതിക്കാൻ മഞ്ജുവിനൊപ്പം ഇനി വിനുരാജുണ്ട്. പാരാലിംപിക്സ് ദേശീയ മെഡൽ ജേതാവും മുണ്ടൂർ നൊച്ചുള്ളി പുത്തൻപുരയ്ക്കൽ രാഘവന്റെ മകളുമായ മഞ്ജുവാണു 5 വർഷത്തെ പ്രണയത്തിനും പ്രതിസന്ധികൾക്കും ഒടുവിൽ കൊടുന്തിരപ്പുള്ളി അത്താലൂർ സ്വദേശി വിനുരാജിനെ വിവാഹം കഴിച്ചത്.
പൊക്കമില്ലാത്തവർ അഭിനേതാക്കളായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മഞ്ജു. 2018ൽ പുറത്തിറങ്ങിയ സൂരജ് എസ്. കുറുപ്പ് സംവിധാനം ചെയ്ത ‘മൂന്നര’ എന്ന സിനിമയിലെ നായികാ വേഷം സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്നു തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ചു. മോഹിനിയാട്ടം, ഭരതനാട്യം നർത്തകി കൂടിയായ മഞ്ജു ഒട്ടേറെ സ്റ്റേജ് ഷോകളിലും പങ്കെടുത്തു. സിനിമയ്ക്കൊപ്പം കായികമേഖലയിലും മിന്നിത്തിളങ്ങി.
ഷോട്പുട്, ബാഡ്മിന്റൻ, ലോങ്ജംപ് മത്സരങ്ങളിൽ കേരളത്തിനായി 3 സ്വർണവും രാജ്യത്തിനായി വെള്ളിയും നേടി. ജീവിത പ്രതിസന്ധികൾക്കിടയിൽ ഹിസ്റ്ററിയിൽ ബിരുദവും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമയും നേടി. കല്ലേക്കാട് മൊബൈൽ ഷോപ്പ് നടത്തുന്ന വിനുരാജിനെ മൊബൈൽ റീചാർജ് ചെയ്യാൻ പോയപ്പോഴാണു കണ്ടുമുട്ടിയത്. 5 വർഷത്തെ പ്രണയത്തിനു മുന്നിൽ തടസ്സങ്ങളെല്ലാം മാറി യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുപ്പത്തിമൂന്നുകാരി മഞ്ജുവിനു മുപ്പത്താറുകാരൻ വിനുരാജ് താലി ചാർത്തിയതോടെ എല്ലാം ശുഭം.