പല്ലാവൂർ ഗവൺമെൻ്റ് എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു.
സ്കൂൾ ഉച്ചഭക്ഷണ പരിപാടി വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. 2016 ലെ വിലനിലവാരം കണക്കാക്കി ഒരു കുട്ടിക്ക് നൽകുന്ന 8 രൂപ ഉപയോഗിച്ച് ആഴ്ചയിൽ 300 മില്ലി ലിറ്റർ പാൽ, ഒരു കോഴിമുട്ട, സാമ്പാർ, കൂട്ടുകറി ഉൾപ്പെടെയുള്ള വിഭവങ്ങൾ, ഗ്യാസ്, മാവേലിയിൽ നിന്നുള്ള കടത്തുകൂലി എന്നിവക്ക് തുക ചെലവഴിക്കണം. 50 ശതമാനം കുട്ടികളെ സ്കൂളിൽ എത്തുന്നുള്ളു എന്നതിനാൽ മറ്റു കുട്ടികൾക്ക് രണ്ടാം ബാച്ചിൽ വീണ്ടും പാചകം ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം പ്രൈമറി വിദ്യാലയങ്ങൾക്കും ചിലവഴിച്ചതിന്റെ പാതി തുക പോലും ലഭിക്കില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് പല്ലാവൂർ ഗവ: എൽ.പി.സ്കൂളിന്റെ തനത് പരിപാടിയായ മെച്ചത്തിലുച്ചയൂണ് ശ്രദ്ധേയമാവുന്നത്.
ഒരു ക്ലാസ്സിലെ താല്പര്യമുള്ള 7 മുതൽ 10 വരെ രക്ഷിതാക്കളുടെ കൂട്ടായ്മ ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്ന് ആ ആഴ്ചയിലെ ചെലവിനുള്ള വിഹിതം കണ്ടെത്തുന്നു. സാധനങ്ങൾക്കുള്ള പണമായും വിഭവമായും കണ്ടെത്തുന്നതിലൂടെ നഷ്ടം നികത്തുക മാത്രമല്ല പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പാനും കഴിയുന്നു. സ്പെഷ്യലായി നെയ്ച്ചോറ്, ചിക്കൻ, പായസം എന്നിവയും മാസത്തിലൊരിക്കൽ നൽകാൻ കഴിയുമെന്ന് പദ്ധതിയുടെ ശില്പിയും എസ്.എം.സി. ചെയർമാനുമായ എ ഹാറൂൺ പറയുന്നു.
60 ശതമാനം പട്ടികജാതി വിഭാഗം കുട്ടികളും 95 ശതമാനം ബി.പി.എൽ കുടുംബാംഗങ്ങളുമാണ് വിദ്യാർത്ഥികൾ
ഒരു രക്ഷിതാവും നിർബന്ധപൂർവ്വം പദ്ധതിയുടെ ഭാഗമാവില്ല.
മെച്ചത്തിലുച്ചയൂണ് പരിപാടി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ലീലാമണി ഉദ്ഘാടനം ചെയ്തു.
പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ് രാധ അദ്ധ്യക്ഷതവഹിച്ചു.
എസ്.എം.സി ചെയർമാൻ എ.ഹാറൂൺ പദ്ധതി വിശദീകരണം നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അശോകൻ പഞ്ചായത്ത് മെമ്പർമാരായ എ.സജില, ഡി. മനുപ്രസാദ്, കെ.വിജയലക്ഷ്മി, പി ടി എ പ്രസിഡണ്ട് എസ്.ജയ, ഉച്ചഭക്ഷണ ഓഫീസർ ആർ ജോസ് , എസ് എസ് ജി അംഗം എം.ലക്ഷ്മണൻ , എം.പി.ടി.എ.പ്രസിഡണ്ട് എസ്. സമീന , പിടിഎ വൈസ് പ്രസിഡണ്ട് മോഹനൻ ചെങ്കാരം എന്നിവർ സംസാരിച്ചു
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ സ്വാഗതവും കൺവീനർ കെ.ഗിരിജ നന്ദിയും പറഞ്ഞു.
വാർത്ത. (രാമദാസ് ജി. കൂടല്ലൂർ).