നഗരസഭക്ക് പാലക്കാട് മെഡിക്കൽ കോളജിന്റെ ഭൂമി കൈമാറുന്നത് അനുവദിക്കില്ല: എസ്ഡിപിഐ
പാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിന്‍റെ ഭൂമി പാലക്കാട് നഗരസഭക്ക് കൈമാറാന്‍ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ചു പ്രതിരോധ സമരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം പറഞ്ഞു.
മെഡിക്കല്‍ കോളജിന്‍റെ ഭൂമി നഗരസഭക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പട്ടികജാതി കമ്മീഷന്‍ അംഗം എസ് അജയകുമാറും മുൻപ് പറഞ്ഞിരുന്നു. അമൃത് പദ്ധതി പ്രകാരം പാലക്കാട് നഗരസഭ തുടങ്ങുന്ന കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്ന പ്ലാന്‍റിനാണ് ഭൂമി വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.
സെപ്റ്റേജ് ട്രീറ്റ്മെന്റ് പാന്റിന് നൂറു മീറ്റർ ചുറ്റളവിൽ മറ്റ് സ്ഥാപനങ്ങൾ പാടില്ലെന്നിരിക്കെയാണ് കോളജിന്റെ അമ്പതേക്കർ സ്ഥലത്ത് മനുഷ്യവിസർജ സംസ്കരണ പ്ലാൻറിന് സ്ഥലം അനുവദിചിരിക്കുന്നത് എന്നും രാജ്യത്ത് പട്ടികജാതി വകുപ്പിന് കീഴിലെ ഏക മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ പോലും ബാധിക്കുമെന്ന് പട്ടികജാതി / പട്ടിക വർഗ്ഗ കമ്മീഷൻ കഴിഞ്ഞ വർഷം സർക്കാറിന് റിപോർട്ട് നൽകുകയും ചെയ്തിരുന്നു എന്നും ഷഹീർ ചാലിപ്പുറം പറഞ്ഞു.
നഴ്സിങ്ങ് കോളജ്, ഡൻറ്റൽ കോളജ്, ഫാർമസി കോളജ് എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഇനിയും കണ്ടെത്തണമെന്നിരിക്കെയാണ് നിലവിലുള്ള ഭൂമി കക്കൂസ് മാലിന്യ പ്ലാന്റിനാകി കൈമാറുന്നത് എന്നും നഗരസഭയുടെ സ്വന്തം ഭൂമി തന്നെ ധാരാളം ഉണ്ടെന്നിരിക്കെയാണ് പട്ടികജാതി വകുപ്പ് കീഴിലെ മെഡിക്കല്‍ കോളജ് ഭൂമി വിട്ടു നല്‍കാന്‍ തീരുമാനിച്ചത് എന്നതും പ്രതിഷേധാർഹമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.