പാലക്കാടുനിന്നും തൃശൂരിലേക്കുള്ള പാതയിൽ ഇടതുഭാഗത്തെ തുരങ്കമാണ് തുറക്കുക. ഈ തുരങ്കത്തിന്റെ ശേഷിക്കുന്ന എല്ലാ ജോലിയും ആഗസ്‌ത് ഒന്നിനകം പൂർത്തിയാക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, പ്രൊഫ. ആർ ബിന്ദു എന്നിവർ ഞായറാഴ്ച കുതിരാനിലെ തുരങ്ക നിർമാണ പ്രദേശം സന്ദർശിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
ആദ്യതുരങ്കം ആഗസ്‌ത് ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗത്തിൽ നിർദേശിച്ചു.
തുരങ്കത്തിൽ ദ്രുതഗതിയിൽ പണി പുരോഗമിക്കുകയാണ്. തുരങ്കമുഖത്ത് മലയിടിയാതിരിക്കാൻ ബെഞ്ച് കട്ടിങ് പൂർത്തിയാവന്നു. കുത്തനെയുള്ള മലയിടിച്ച് തട്ടുകളാക്കുന്ന പ്രക്രിയയാണ് ബെഞ്ച് കട്ടിങ്.
തുരങ്കത്തിന്റെ മറുഭാഗത്ത് സമാന്തരറോഡിൽ പാറക്കെട്ടുകൾ നീക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. കുത്തനെയുള്ള പാറക്കെട്ടുകൾ ഇടിച്ചു മാറ്റി ചരിവ് മാതൃകയിലാക്കും.










