പാലക്കാട് ∙ ഒരു കാലത്തും തന്റെ പാർട്ടി നീതികേടു കാണിച്ചുവെന്നു തോന്നിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശി. പാർട്ടി എല്ലാ കാര്യത്തിലും തന്നോടു കാണിച്ച സമീപനം ശരിയാണെന്ന ബോധ്യമുണ്ട്. തന്റെ മെറിറ്റും ഡീ മെറിറ്റും കൃത്യമായി അറിയുന്നതു പാർട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറിയായി വരുമെന്നു കരുതിയ പി.കെ.ശശിയെ കെടിഡിസി ചെയർമാനാക്കിയത് ഒതുക്കാനാണോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നൽകിയ ജോലിയും ചെറുതല്ലെന്ന തോന്നൽ ഉണ്ട്. നാളെ സംഘടനയുടെ ചുമതല തന്നാൽ അതും ചെയ്യും. ഇപ്പോൾ പാർട്ടിയിൽ വിഭാഗീയത ഇല്ല. ഉണ്ടായിരുന്ന സമയത്ത് അത് അംഗീകരിച്ചതാണു പാർട്ടി. വിഭാഗീയത ഉണ്ടാക്കിയ പരുക്കുകളെ പാർട്ടി തരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.