PSC എഴുതി ജോലിക്ക് കയറിയവർക്ക് ശമ്പളം നൽകേണ്ടത് ഭരണകൂടത്തിന്റെ കടമ: KST എംപ്ലോയീസ് സംഘ്
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇടതുഭരണത്തിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിലും, പത്തു വർഷത്തിനു മുമ്പുള്ള ശമ്പളം പരിഷ്ക്കരിക്കാത്തതിലും പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിലെ ബിഎംഎസ് യൂണിയനായ എംപ്ലോയീസ് സംഘ് – ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ചീഫ് ഓഫീസ് പടിക്കലും, ജില്ലാ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി.
ധർണ്ണ KST എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.
കെ എസ് ആർ ടി സി യിൽ 2012-ൽ നിലവിൽ വന്ന സേവന-വേതന കരാർ പത്തു വർഷം കഴിഞ്ഞിട്ടും പരിഷ്ക്കരിക്കാത്ത ഇടതു ഗമൺമെൻ്റ്, സർക്കാർ ജീവനക്കാർക്ക് ഇതിനകം രണ്ടു ശമ്പള പരിഷ്ക്കരണം നടപ്പാക്കി. ഫലത്തിൽ PSC വഴി നിയമിക്കപ്പെട്ട ഒരു വിഭാഗം ജീവനക്കാർ 11-ാം ശമ്പളക്കമ്മിഷൻ്റെ ശുപാർശ പ്രകാരമുള്ള വേതനം പററുമ്പോൾ കെ എസ് ആർ ടി സി ജീവനക്കാർ 9-ാം ശമ്പളക്കമ്മിഷൻ്റെ പരിധിയിൽ പത്തു വർഷത്തിലധികമായി തുടരുന്നത് നീതിയല്ല. ഇടതു സർക്കാരിൻ്റെ കെഎസ് ആർ ടി സിയോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണം. ലേ ഓഫ് നടപ്പിലാക്കി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ജീവനക്കാരെ മുൾമുനയിൽ നിർത്തി പ്രതിഷേധ സമരങ്ങളെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണ്.
സർവീസിന് യോഗ്യമായ ബസുകളെപ്പോലും ഡിപ്പോയിൽ നിന്നും മാറ്റി ആസൂത്രിതമായി യാത്രാക്ലേശം സൃഷ്ടിച്ച് സ്വകാര്യ കുത്തകകൾക്ക് ഗ്രാമീണ മേഖല പതിച്ചു നൽകാനും, കെ എസ് ആർ ടി സി യുടെ ദീർഘദൂര ബസ്സുകളും റൂട്ടുകളും ഉപയോഗിച്ച് കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുണ്ടാക്കി ഈ പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ 6 വർഷത്തിനിപ്പുറം കെ എസ് ആർ ടി സി ആകെ വാങ്ങിയത് 106 ബസുകൾ മാത്രമാണെന്നത് പൊതുഗതാഗതത്തിൻ്റെ ഇടതു നയം വ്യക്തമാക്കുന്നു. ബസുകൾ വാടകക്കെടുത്ത് കോടികൾ നഷ്ടപ്പെടുത്തി. ഇത്തരം ഉൻമൂലന നയങ്ങൾക്ക് തൊഴിലാളികൾ പിന്തുണ നൽകിയില്ലെങ്കിൽ ശമ്പളമില്ലെന്ന ധാർഷ്ട്യം ഇനിയും അംഗീകരിക്കാനാവില്ല. അസന്തുഷ്ടരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ മാത്രമാണ് ഇടതു തുടർ ഭരണം മികവു കാട്ടിയത്. തുടർച്ചയായി ശമ്പളം മുടക്കുന്നതും, തുച്ഛ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുകകൾ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ ഒടുക്കാതെ ജീവനക്കാരെ ബാധ്യതക്കാരാക്കി മാറ്റിയതിനും മറ്റൊരു ന്യായീകരണമില്ല. യാത്രക്കാരിൽ നിന്നും സെസ് ഈടാക്കിയത് ഇൻഷുറൻസ് കമ്പനികളിൽ ഒടുക്കാതെ കുടിശിക വരുത്തിയതു കാരണം അപകടത്തിൽ പെടുന്ന യാത്രക്കാർക്കും, ജീവനക്കാർക്കും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കേണ്ടുന്ന തുകകൾ പോലും ലഭിക്കുന്നില്ല.
മുടക്കമില്ലാതെ ശമ്പളവും, ശമ്പളപരിഷ്ക്കരണവും നേടുംവരെ കുടുംബാംഗങ്ങളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് തുടർന്നും പ്രതിഷേധ സമരങ്ങൾക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നൽകും. തുടർ ഭരണത്തിൻ്റെ അഹങ്കാരത്തിൽ തൊഴിലാളികളെ പട്ടിണിക്കിട്ട് പാർട്ടി വളർത്താമെന്ന മോഹത്തിന് ബംഗാളും, ത്രിപുരയും നൽകിയ മറുപടി മറക്കരുത്, അദ്ദേഹം പറഞ്ഞു.
പ്രതിഷേധ ധർണ്ണയിൽ ജില്ലാ വൈസ്പ്രസിഡൻ്റ് N K കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി TV രമേഷ് കുമാർ , ജില്ലാ ട്രഷറർ PR മഹേഷ് , പ്രമോദ്,K P രാധാകൃഷ്ണൻ , N കാളിദാസ് , ദിനേശ്. N. കുട്ടി,ശശാങ്കൻ,എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് L രവിപ്രകാശ്, സി.രാജഗോപാൽ, അനീഷ്, K വിനോദ്, തുളസീദാസ് , Vകണ്ണൻ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.