കൂടല്ലൂർ കൂട്ടക്കളം കതിർ മഹോത്സവം ആരംഭിച്ചു.
പല്ലശ്ശന. ചിരപുരാതനമായ കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ 2022ലെ കതിർ മഹോത്സവം ആരംഭിച്ചു. ദേശത്തിന്റെ വിവിധ കവാടങ്ങളിൽ ദീപാലംകൃതമായ കമാനങ്ങളും ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു.
വൃശ്ചികം 1ന് ആരംഭിച്ച കളമെഴുത്തും തോറ്റംപാട്ടും ഈ ഉത്സവത്തിന്റെ പ്രധാന ആചാരാരാനുഷ്ഠാനങ്ങങ്ങളിൽ ദേശത്തെ മണ്ണാൻ സമുദായത്തിന്റെ പ്രാതിനിധ്യം എടുത്തു കാട്ടുന്നു.
മുപ്പതാം ദിവസം ദേശവാസികളുടേയും കാരണവന്മാരുടെയും സാന്നിദ്ധ്യത്തിൽ കൂടല്ലൂർ കിഴക്കേക്കാവിലെത്തിക്കുന്ന കൊടിമുള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എഴുത്തച്ഛൻ സമുദായത്തിന്റെ നേതൃത്വത്തിൽ മുല്ലയ്ക്കൽ ക്ഷേത്രാങ്കണത്തിലെത്തിക്കുകയും കൂറ, കുരുത്തോല, മാവില എന്നിവ അലങ്കരിച്ച് കൊടിമുള നാട്ടുന്നതോടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.
കൊടിമുളനാട്ടുന്ന സന്ദർഭത്തിൽ ദേശത്തെ ആശാരിമാരുടെ സേവനവും,സാന്നിദ്ധ്യവും സാഹോദര്യത്തിന്റെ മറ്റൊരു വേറിട്ട കാഴ്ചയാണ്.
ഡിസംബർ 16ന് വൈകിട്ട് ആൽത്തറക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ ബീം ക്രിയേഷൻസിന്റെ കലാപരിപാടികൾ ഉണ്ടായിരിക്കും.
രാത്രി നടക്കുന്ന തായമ്പകയെത്തുടർന്ന് 17ന് കാലത്ത് പാണ്ടിമേളം,പറവാദ്യം എന്നിവയുടെ അകമ്പടിയോടെ പറക്കതിർ എഴുന്നള്ളത്തും നടത്തപ്പെടും.
പല്ലശ്ശന, എലവഞ്ചേരി, നെന്മാറ, മേലാർകോട് എന്നീ പഞ്ചായത്തുകളിലുൾപ്പെടുന്ന ഹരിജൻ സമുദായത്തിലുൾപ്പെടുന്ന 9മന്ദുകാരുടെ കുടയും, കതിരും എഴുന്നള്ളത്ത് ഒരു വിളവുത്സവത്തിൻ്റെ മറ്റൊരു ഉദാഹരണമാണ്.
കൊച്ചുകുട്ടികൾ കൂറ വെക്കുന്നത് ഈ ഉത്സവത്തിന്റെ മറ്റൊരു സുപ്രധാന ചടങ്ങാണ്. ഡിസംബർ 18ന് രാത്രി നടക്കുന്ന വെട്ടിയാട്ടൽ ചടങ്ങിനുശേഷം അമ്പലം നടയടക്കുന്നു. തുടർന്ന് ഡിസംബർ 24ന് ഏഴാം പൂജയോടെ നടതുറക്കുന്നു.
പുരാതന കാലത്ത് മണ്ണാൻ സമുദായക്കാർ പൂജ നടത്തിയിരുന്ന ഈ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തിയതിനെത്തുടർന്ന് ഇപ്പോൾ ബ്രാഹ്മണരാണ് പൂജാദി കർമ്മങ്ങൾ നടത്തുന്നത്.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)