പാലക്കാട്: വേലന്താവളത്ത് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. ഓപ്പറേഷന്‍22 ന്റെ ഭാഗമായി വേലന്താവളം എകസൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ശന വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ തിരുപൂരില്‍ നിന്നും മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് എത്തിക്കുന്നതിനുള്ള കഞ്ചാവ് ആണ് പിടികൂടിയത്. റേഷന്‍ അരി കടത്ത് എന്ന വ്യാജേന ആണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.വാഹനം പരിശോധനക്ക് ആയി നിര്‍ത്തിച്ചതില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന 60 വയസ്സിനു മുകളില്‍ പ്രായമുള്ള 2 പേര്‍ വാഹനത്തില്‍ കുറച്ചു റേഷന് അരി ഉണ്ടെന്ന് പറയുകയും വാഹനം എടുത്തു പോകുവാന്‍ ധൃതി കാണിക്കുകയും ചെയ്തതതില്‍ സംശയം തോന്നി വാഹനം കര്‍ശന പരിശോധനക്ക് വിധേയമാക്കി. അപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
കോഴിക്കോട് കല്ലായി സ്വദേശിയായ നജീബും വടകര ചോമ്പാല സ്വദേശി രാമദാസനും ആണ് പിടിയിലായത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ള ആഡംബര കാറില്‍ അഭിഭാഷകരുടെ സ്റ്റിക്കര്‍ പതിച്ചിരുന്നു. വാഹനത്തില്‍ ഡിക്കിയിലും പിന്‍സീറ്റില്‍ കറുത്ത തുണി വച്ചു മറച്ചുമാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മാന്യമായ വേഷം ധരിച്ച് ആഡംബര കാറുകളിലാണ് കഞ്ചാവ് കടത്തുന്നത് എന്ന് പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒരു കോടി രൂപയില്‍ അധികം വില മതിക്കുമെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വിപണിയില്‍ വലിയ മൂല്യം ഉള്ള കാക്കിനാട കഞ്ചാവ് ആണ് കടത്തിക്കൊണ്ടു വന്നത് എന്ന് പിടിയിലായവര്‍ പറഞ്ഞു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ ശിവശങ്കരന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹരിക്കുട്ടന്‍, ശരവണന്‍, വേണുഗോപാലന്‍ വളതല പങ്കെടുത്തു. സംസ്ഥാനത്തെക്ക് ലഹരി കടത്തുന്ന വ്യക്തികളെക്കുറിച്ചും വാഹനങ്ങളെ കുറിച്ചും എക്‌സൈസിന് വ്യക്തമായാ വിവരങ്ങള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.