മലമ്പുഴ:
മലമ്പുഴയിലെ പാലക്കാട് ജില്ലാ ജയിലിനു ഹരിത മേലാപ്പ് ചാർത്താൻ സൂപ്രണ്ട് കെ. അനിൽകുമാർ വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് ” ക്ഷിപ്ര വനം” . വേഗത്തിൽ കായ്ഫലം തരുന്ന ഫലവൃക്ഷങ്ങളുടെ മാതൃകാ തോട്ടം സന്ദർശകർക്ക് വീക്ഷിക്കാവുന്ന തരത്തിൽ സൃഷ്ടിക്കുകയാണ് പരിപാടി. ജയിലിലെ അന്തേവാസികൾക്കൊപ്പം ,പക്ഷിമൃഗാദികൾക്കു കൂടി ആഹാരമൊരുക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ പദ്ധതിക്കു പിന്നിലുണ്ട് .കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷിപ്ര വനം പ്രോജക്ടിന്റെ പ്രൊപ്പോസൽ സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ട്.ഇതിനിടയിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ കേരള കർഷക സംഘത്തിന്റെ സഹകരണത്തോടെ കാർഷിക വിളകളുടെ വൈവിധ്യവത്കരണം നടത്തി ജയിൽ കൃഷി പാലക്കാടിന്റെ കാർഷിക സംസ്ക്കാരത്തിനു തിലകം ചാർത്തി !വിവിധ മാധ്യമങ്ങളിലെ കൃഷി സംബന്ധിച്ച പരിപാടികളിൽ ജയിൽ കൃഷി താരമായിരുന്നു. ആകാശ വാണി പോലും “വയലും വീടും ” ( വയലും ജയിലും 😂) പരിപാടിയിൽ അര മണിക്കൂർ പ്രോഗ്രാം നടത്തി.
കഴിഞ്ഞ ദിവസം ശലഭോദ്യാനം ആരംഭിച്ചത് തൂത “തണൽ “പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു.ക്ഷിപ്രവനമെന്ന ആശയത്തിൽ ആകൃഷ്ടരായി അവർ തന്നെ 30 വിവിധ ഫലവൃക്ഷ തൈകൾ എത്തിച്ചു.ആയുർ ജാക്ക് , വിയറ്റ്നാം ഏർലി, ഗം ലസ് (മുളഞ്ഞില്ല പ്ലാവ് ) . മുട്ടം വരിക്ക, ഡിസംബർ ഹണി എന്നീ പ്ലാവിനങ്ങളും കാലാപാടി , മല്ലിക ,നീലൻ, വെങ്കനപ്പളളി , സിന്ദൂരം തുടങ്ങിയ മാവിനങ്ങളുടെ ഗ്രാഫ്റ്റ് തൈകളും . ഗംഗാബോണ്ടം തെങ്ങ് . പേര, മാതളം, എഗ്ഗ് ഫ്രൂട്ട് . അമ്പഴം, സീതപ്പഴം, രാമപ്പഴം ,ചെറി ,അരിനെല്ലി, ഇരുമ്പൻ പുളി ,കശുമാവ്തുടങ്ങിയ തൈകളും നട്ടു കൊണ്ട് ക്ഷിപ്ര വനം ആരംഭം കുറിച്ചു.തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ , പ്രബിൻ ഒറ്റപ്പാലം, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.സൂപ്രണ്ട് മുട്ടം വരിക്ക പ്ലാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.