എത്ര മുറിച്ചുമാറ്റിയാലും അറ്റുപോകാത്തൊരിഷ്ടമുണ്ട്
ചിലരുടെ യു ളളിൽ….
രഹസ്യമായി മാത്രം
ഹൃദയങ്ങൾ
കൂട്ടിമുട്ടുന്നൊരിഷ്ടം….
ആരുമറിയാത്തൊരു കണ്ടുമുട്ടലിൽ
ഉള്ളിലെ നോവുകളൊക്കെയും
അലിഞ്ഞില്ലാതാവുന്നൊരിഷ്ടം
.
ഇരുട്ടു ജന്മങ്ങളിലേക്ക്
പതിഞ്ഞെത്തുന്ന നിലാവല പോലെ
അത്രമേൽ
ആശ്വാസമാവുന്നൊരിഷ്ടം
ഒരുനാളും
മുറിച്ചുമാറ്റാൻ കഴിയാതെ
ചേർന്നു പോയൊരിഷ്ടം
പരസ്പരം അവകാശമില്ലെങ്കിലും
എന്തിനോ കടം കൊള്ളുന്നൊരിഷ്ടം
ആരുടെയൊക്കെയോ വലയത്തിനുള്ളിൽ
സ്വയമുരുകിയൊലിക്കുമ്പോൾ
ഒരു കുളിർക്കാറ്റുപോലെ പതുങ്ങിയെത്തുന്നൊരിഷ്ടം
ആയിരം കണ്ണുകളെ കാവലിരുത്തി
ആരോരുമറിയാതെ പങ്കു വയ്ക്കുന്നൊരിഷ്ടം
ജീവിതച്ചുമടുകൾ തോളിലേറ്റി
തളർന്നുവീഴുമ്പോഴും അരികിലുള്ളവർ തിരിച്ചറിയാത്ത കഠിന വ്യഥകൾ
പിടിച്ചു വാങ്ങി
സാന്ത്വനം ചൊരിയുന്നൊരിഷ്ടം
പുറന്തോടു പൊളിയുകിൽ
ആയിരം നാവുകൾ
അരുതെന്നു പറയുന്നൊരിഷ്ടം
ഭയമോടെ മാത്രം
ഉള്ളറയ്ക്കുള്ളിൽ
കാത്തു സൂക്ഷിക്കുന്നൊരിഷ്ടം
പ്രിയമുള്ളൊരാളോട്
ഒരുനാളും തീരാത്ത
അത്രമേൽ സുഖമുള്ളൊരിഷ്ടം
അത്രമേൽ പ്രിയമുള്ളൊരിഷ്ടം,,,,