ചെല്ലന്‍കാവ് കോളനിയിലെ ദുരന്തം
ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്ച തുടങ്ങും
പാലക്കാട്
കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിൽ സ്പിരിറ്റ് കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്ച തുടങ്ങും. നിലവിൽ പാലക്കാട് ഡിവൈഎസ്‌പി പി ശശികുമാറിന്റെ നേതൃത്വത്തിൽ വാളയാർ സിഐ കെ സി വിനു, കസബ സിഐ എൻ എസ് രാജീവ്, മീനാക്ഷീപുരം സിഐ ബാബുരാജൻ വാഴക്കോടൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറും. അതിനുമുമ്പ് കോളനിയിലെയും സമീപത്തെ കെമിക്കൽ ഫാക്ടറികളിലെയും ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച കോളനി നിവാസികളെയും സമീപ പ്രദേശങ്ങളിലെ ആളുകളെയും പൊലീസ് ചോദ്യം ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി മെഥനോള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കും. ഇതിനായി കഞ്ചിക്കോട് മേഖലയിലെ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും. പെയിന്റ് കമ്പനികള്‍, കാർ വാഷ്, സാനിറ്റൈസര്‍ നിര്‍മാണക്കമ്പനികളും ഇത് വില്‍ക്കുന്ന കടകളും കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.