ചെർപ്പുളശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വം നൽകുകയും , കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നേതൃ പരമായ പങ്കുവഹിക്കുകയും, കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല മുഖപത്രമായ പ്രഭാതത്തിൻ്റെ പ്രിൻറർ ആൻറ് പബ്ലിഷറും, ചളവറ ഗ്രാമ പഞ്ചായത്തിൻ്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന ഐ സി പി നമ്പൂതിരിയുടെ പേരിൽ ജന്മനാടായ ചളവറ ഗ്രാമ പഞ്ചായത്ത് 2021-22 വർഷം മുതൽ സ്മാരകാർത്ഥം സംസ്ഥാന തലത്തിൽ പുരസ്കാരം ഏർപ്പെടുത്തുന്നു. ഓരോ വർഷവും ഒരു വിഷയ മേഘലക്ക് പ്രാധാന്യം നൽകി തൊട്ട് മുമ്പുള്ള 3 വർഷത്തെ പ്രവർത്തക മികവിനെ വിലയിരുത്തി ആ മേഖലയിലെ പ്രമുഖനായ ഒരു വ്യക്തി അല്ലങ്കിൽ കൂട്ടായ്മ ക്കാണ് പുരസ്കാരം നൽകാൻ ഭരണ സമിതി തീരുമാനമെടുത്തിട്ടുള്ളത് .
ഈ വർഷം ആരോഗ്യമേഖലയിലെ പ്രവർത്തന മികവാണ് അവാർഡ് നിർണയത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.ഈ മേഖലയിൽ പ്രാവിണ്യമുള്ള മൂന്ന് വിദഗ്ദരും, പൊതു പ്രവർത്തകരുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് അവാർഡ് നിർണ്ണയിക്കുക. സംസ്ക്കാരിക പ്രവർത്തകനും, പട്ടാമ്പി ഗവ: സംസ്കൃത കോളേജ് മലയാള വിഭാഗത്തിലെ മുൻ അസോസിയേറ്റ് പ്രഫസറുമായ ഡോ: സി പി ചിത്രഭാനു വാണ് അവാർഡ് നിർണ്ണയ കമ്മറ്റിയുടെ കൺവീനർ .25000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം .നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് പുരസ്കാര വിതരണം നടത്തുന്നത്.










