നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ :
അപേക്ഷാ തീയതി നീട്ടി
ഒറ്റപ്പാലം : ദേശീയ തല എംപവറിംഗ് യൂത്ത് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നവംബര്‍ ഏഴാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നെഹ്റു ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ , കാർവ് സ്റ്റാർട്ട് അപ് ലാബ്, ബ്രിങ്ക് , ഐകെപി ഇഡന്‍,100 ഓപണ്‍ സ്റ്റാര്‍ട്ടപ്പുകള്‍, എന്നിവയുടെ പങ്കാളിത്തത്തോടെ നവംബര്‍ 28 മുതല്‍ 30 വരെ ഓണ്‍ലൈനായാണ് യൂത്ത് ഹാക്കത്തോണ്‍ നടക്കുക. നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആണ് കേരളത്തിലെ ഹാക്കത്തോണ്‍ സംഘാടകർ.
യുവാക്കളുടെ ആശയങ്ങളും പ്രശ്നപരിഹാര മികവും ഒരു ബിസിനസ് മോഡലായി പരിവര്‍ത്തനം ചെയ്യാനുള്ള അവസരമാണ് നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ നല്‍കുക. ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയുടെ കാഷ് പ്രൈസും കാര്‍വ് സ്റ്റാര്‍ട്ട്അപ് ലാബിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സ്റ്റാർട്ട് അപ് രംഗത്ത് ചുവടുറപ്പിക്കാനുള്ള അവസരവുമൊരുങ്ങും. ഒരു വര്‍ഷക്കാലത്തേക്ക് ഓരോ മൂന്നു മാസങ്ങളിലും ആറു മണിക്കൂര്‍ വീതം വിദഗ്ദ ഉപദേശകരുടെ പിന്തുണയും ലഭിക്കും. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് രണ്ടുലക്ഷം രൂപ മതിപ്പുള്ള പ്രോട്ടോടൈപ്പിംഗ് പിന്തുണ ലഭിക്കും. ദേശീയ തലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്തു ടീമുകളാണ് തങ്ങളുടെ നവീന ഐഡിയകള്‍ അവതരിപ്പിക്കുക. ഈ പത്തു ടീമുകള്‍ക്ക് ബിസിനസ് സംരംഭം തുടങ്ങാനായി നെഹ്റു ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ രണ്ടര ലക്ഷം രൂപയുടെ സാങ്കേതീക സഹായവും വിദഗ്ദ ഉപദേശവും നല്‍കും.
അപേക്ഷിക്കേണ്ട ലിങ്ക്: https://brinc.batelco.com/empowering-youth-hackathon