പാലക്കാട്:കോയമ്പത്തൂർ അമൃത വിദ്യാപീഠത്തിലെ എഞ്ചിനീയറിങ് ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൊല്ലങ്കോട് സ്വദേശിനി കൃഷ്ണ ആത്മഹത്യ ചെയ്തത് റിസർച്ച് ഗൈഡിന്റെ പീഡനം മൂലമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. പി.എച്ച്.ഡി ഒരിക്കലും നൽകില്ലെന്ന് പറഞ്ഞു വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നും മെറിറ്റിലൂടെ പാസായ ഗ്രാന്റ് തടഞ്ഞുവെച്ചെന്നും അവർ പരാതിപ്പെടുന്നു.മാനസികമായി നിരന്തരം തളർത്തുകയും നല്ല രീതിയിൽ ഗൈഡൻസ് നൽകിയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വിദ്യാർത്ഥിനിക്കെതിരെ കോളേജിൽ ഗൈഡിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ പീഡനമാണ് നടന്നത്. വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദികൾ ഗൈഡും കോളേജ് അധികൃതരുമാണ്. അതുകൊണ്ട് തന്നെ അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമ്മർ തങ്ങൾ, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,മണ്ഡലം കൺവീനർ നദീർ, അൻഷിഫ് എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
Photo:റിസർച്ച് ഗൈഡിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്ത കോയമ്പത്തൂർ അമൃത വിദ്യാപീഠത്തിലെ എഞ്ചിനീയറിങ് ഗവേഷക വിദ്യാർത്ഥിനിയുടെ കൊല്ലങ്കോട്ടെ വീട് ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചപ്പോൾ.