പാലക്കാട്: ജിഎസ് ടിയിലെ വ്യാപാര ദ്രോഹനടപടി നിർത്തിവയ്ക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയസെസ് നിർത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് നടപടികൾ പിൻവലിക്കുക, പുതുക്കിയ വാടക കുടിയാൻ നിയമം ഉടനേ നടപ്പിലാക്കുക, ലൈസൻസിന്റെ പേരിൽ നടത്തുന്ന അന്യായമായ പിഴശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ മൂന്നിന് സംസ്ഥാന വ്യാപകമായി പത്തുലക്ഷത്തിലധികം വ്യാപാരികൾ വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധധർണ നടത്തും.
പ്രതിഷേധസമരത്തിന്റെ ഭാഗമായി അന്നേദിവസം രാവിലെ 10 മുതൽ 12 മണിവരെ കടതുറന്ന് വില്പനനിർത്തി തൊഴിൽ ബഹിഷ്കരിച്ച് പ്രതിഷേധസമരത്തിൽ എല്ലാ വ്യാപാരികളും വ്യാപാരസ്ഥാപനത്തിന്റെ മുന്പിലും വിവിധകേന്ദ്രങ്ങളിലും പ്രതിഷേധ ധർണയിൽ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ പറഞ്ഞു