പാലക്കാട്പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ അവസാനഘട്ടം അതിവേഗം പൂർത്തീകരണത്തിലേക്ക്. പൈപ്പ്‌ലൈൻ വഴി ഡിസംബറോടെ കഞ്ചിക്കോട് വ്യവസായമേഖലയ്‌ക്കും 2021 മാർച്ചോടെ പാലക്കാട് നഗരത്തിലെ വീടുകൾക്കും ഇന്ധനം ലഭിച്ചുതുടങ്ങും. ഗെയ്‌ലിന്റെ കൂറ്റനാട് ജങ്‌ഷനിൽനിന്ന് വാളയാറിലേക്ക് വാതകം എത്തിക്കാനുള്ള പൈപ്പ്‌ലൈനിൽ പരീക്ഷണം തുടങ്ങി. ഇതിനുള്ള സബ്‌സ്‌റ്റേഷൻ 10 ദിവസത്തിനകം പൂർണമായി പ്രവർത്തന സജ്ജമാകും. 90 കിലോ മർദത്തിലാണ് കൂറ്റനാട്ടുനിന്ന് വാളയാറിലെ സ്‌റ്റേഷൻവരെ വാതകം എത്തുക. 145 കിലോ മർദത്തിൽ ഇതിലൂടെ വെള്ളം നിറച്ച് പരീക്ഷണം നടത്തി. ഇനി നൈട്രജൻ നിറച്ച് പരീക്ഷണം നടത്തും. വെള്ളത്തിന്റെ അംശം ഇല്ലാതാക്കാനാണ് നൈട്രജൻ തള്ളുന്നത്. വായുവിന്റെ കണികകളും പൂർണമായി ഒഴിവാക്കേണ്ടതുണ്ട്. അതിനുശേഷം വിതരണ വ്യവസായ മേഖലയ്‌ക്ക് ഇന്ധനം വിതരണം ചെയ്യുമെന്ന് ഗെയ്‌ൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണി പറഞ്ഞു. വാഹനങ്ങൾക്കുള്ള ഇന്ധനവും വിതരണം ചെയ്യാൻ കഴിയും. മാർച്ച് മുതൽ പാലക്കാട് നഗരത്തിലെ വീടുകളിൽ നേരിട്ട് പാചകവാതകമെത്തും.