കൊല്ലങ്കോട്: കാട്ടാനകൾ ജനവാസമേഖലയിലിറങ്ങിയതോടെ ഭീതിയുടെ മുൾമുനയിലായി നാട്ടുകാർ. മുതലമട ചുള്ളിയാർ ഡാമിനടുത്ത മേച്ചിറയിൽ ബുധനാഴ്ച അർധരാത്രിയിൽ ആനകളെത്തിയത്.
രണ്ടു കൊമ്പനും ഒരുപിടിയും കുട്ടിയും അടങ്ങുന്ന സംഘത്തെ പുലർച്ച ആറിനാണ് നാട്ടുകാർ കണ്ടത്. മേച്ചിറയിലെ ജനവാസമേഖലകളിലൂടെ കടന്ന കാട്ടാനകൾ തെങ്ങുകളും കമ്പിവേലിയും നശിപ്പിച്ചു.
എലിഫൻറ് സ്ക്വാഡ് എത്തിയെങ്കിലും ആനകളെ ജനവാസമേഖലയിൽനിന്ന് പുറത്താക്കാൻ ഏഴുമണിക്കൂർ പരിശ്രമിക്കേണ്ടിവന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. കാട്ടാനകളെ കാണാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൊല്ലങ്കോട് പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അഞ്ചു മണിയോടെയാണ് കാട്ടാനകളെ വനത്തിനകത്തേക്ക് കടത്തിവിടാൻ സാധിച്ചത്.