സുരക്ഷിത ഭക്ഷണം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിച്ച് വില്‍പന നടത്തിയവര്‍ക്കെതിരെ 402 കേസുകള്‍ ഫയല്‍ ചെയ്തതായി ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ സി.കെ പ്രദീപ് കുമാര്‍ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ വിതരണം ചെയ്തവര്‍ക്കെതിരെ 92 പ്രോസിക്യൂഷന്‍ കേസുകളും 310 അഡ്ജുഡിക്കേഷന്‍ കേസുകളും നിലവിലുണ്ട്. മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ശര്‍ക്കര, വിനാഗിരി, പയര്‍, പട്ടാണിക്കടല, പാല്‍, ചായ പൊടി, തക്കാളി, കറിവേപ്പില തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് രാസവസ്തുക്കളുടെയും കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയത്.
പാലില്‍ അഫ്നോടോക്സിന്‍ കാണുന്നത് കാലിത്തീറ്റ വഴിയാണ്. വന്‍പയറിലും പരിപ്പിലും കൃത്രിമ നിറങ്ങളും കോപ്പര്‍ നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ വഴി ആറു മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ലേബല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നാല്‍ മൂന്നു ലക്ഷം രൂപ വരെ പിഴ ലഭിക്കും. ഒരു ഭക്ഷ്യവസ്തു ലേബലില്‍ തൂക്കം, വില, പോഷക ഘടകങ്ങള്‍, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍, ഉല്‍പാദന തീയതി, ഉപയോഗയോഗ്യമായ കാലാവധി, വെജിറ്റേറിയന്‍/ നോണ്‍വെജിറ്റേറിയന്‍ ലോഗോ എന്നിവ രേഖപ്പെടുത്തണം. സുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷനില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും ആറുമാസം തടവും ലഭിക്കും. ലൈസന്‍സിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 12 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സും 12 ലക്ഷം രൂപയില്‍ വാര്‍ഷികവരുമാനം കുറവുള്ള സ്ഥാപനങ്ങള്‍ രജിസ്ട്രേഷനുമാണ് എടുക്കേണ്ടത്.
തട്ടുകടകള്‍, വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമില്ല. ജില്ലയിലെ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി സഞ്ചരിക്കുന്ന ലബോറട്ടറി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ സി.കെ പ്രദീപ് കുമാര്‍ അറിയിച്ചു.