രജത ജൂബിലി മേളയ്ക്ക് ഇന്ന് കൊടിയിറക്കം,സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി
20 രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയതും ഓസ്കാർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പടെ 80 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ വൈഫ് ഓഫ് എ സ്പൈ ,ദ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ ,ക്വാ വാഡിസ് ഐഡ ? ,ഡിയർ കോമ്രേഡ്സ് ,റോം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക ഹൃദയം കവർന്നു .ചുരുളി ,ഹാസ്യം ,ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു .
വൈകിട്ട് ആറിന് പ്രിയാ തിയേറ്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും . അക്കാഡമി ചെയർമാൻ കമൽ അധ്യക്ഷനാകുന്ന ചടങ്ങിൽ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാ പോൾ അവാർഡുകൾ പ്രഖ്യാപിക്കും .അക്കാഡമി നിർവ്വാഹക സമിതി അംഗങ്ങളായ സിബിമലയിൽ, വി കെ ജോസഫ് ,സെക്രട്ടറി അജോയ്ചന്ദ്രൻ എന്നിവർ പങ്കെടുക്കും .സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവർണ്ണചകോരത്തിന് അർഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.
അഞ്ചു തിയേറ്ററുകളിലായി 19 ചിത്രങ്ങളാണ് പാലക്കാട്ടെ മേളയുടെ അവസാന ദിവസത്തിൽ പ്രദർശനത്തിനുള്ളത്.