വാണിയമ്പാറ:
മണ്ണുത്തി-വടക്കഞ്ചേരി
ദേശീയ പാതയുടെ നിർമാണം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുതിരാൻ ജനകീയ കൂട്ടായ്മ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ സൂചനാ സമരപന്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. സമരസമിതി നേതാക്കളായ നിബു ചിറമ്പാട്ട്, വിഷ്ണു രവീന്ദ്രൻ, അനീഷ്, അനുപ് തോമസ്, ഷെമീർ ബാബു , ലിജോ ജോസഫ്, സാനിജിൻസൻ, തുടങ്ങിയവരെ പ്രതിപക്ഷ നേതാവ് ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്തു. പൊതുപ്രവർത്തകനും ദേശീയ പാത വിഷയത്തിൽ നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്ന അഡ്വ: ഷാജി കോടങ്കണ്ടത്താണ് സമരം ഉദ്ഘാടനം ചെയ്തത്. പതിനെട്ട് സംഘടനകൾ ചേർന്ന് നൽകിയ നിവേദനം എം.എ.മൊയ്തീൻകുട്ടി
പ്രതിപക്ഷ നേതാവിന് കൈമാറി. സമരത്തിന്നാധാരമായ വിഷയങ്ങളിൽ അനുഭാവപൂർണ്ണമായ ഇടപെടലുകൾ നടത്തുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകി.കുതിരാൻ തുരങ്കത്തിന്റെ ആഗമന- നിർഗമന ഭാഗത്തെ 1.43 ഹെക്ടർ
വനഭൂമിക്ക് പകരമായി റവന്യൂ ഭുമി വിട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും, മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാത തുരങ്കമുൾപ്പടെ സത്വരമായി നിർമാണം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുവാനുമുള്ള ഇടപെടലുകളാണ് നിവേദനത്തിലൂടെ പ്രതിപക്ഷ നേതാവിനോട് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്.