നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിള്‍ ഫാമില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് സജീവമായി. പാഷൻ ഫ്രൂട്ട്, ഓറഞ്ച് എന്നിവ വിളവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം നവംബർ ആദ്യം ഓറഞ്ച് തോട്ടത്തിൽ ഇടവിളയായാണ് ശീതകാല പച്ചക്കറി കൃഷി തുടങ്ങിയത്. കാബേജ്, കാരറ്റ്, ക്വാളിഫ്ലവര്‍, ന്യൂള്കോള്, ബ്രക്കോളി, ബീന്‍സ്, ബട്ടര്‍ ബീന്‍സ്, ചൈനീസ് കാബേജ്, ബീറ്റ്റൂട്ട്, മുള്ളങ്കി, പയര്‍, തക്കാളി, പച്ചപ്പട്ടാണി എന്നിവയാണ് കൃഷിയിറക്കിയത്.നെല്ലിയാമ്പതിയിൽ ഇക്കൊല്ലം മുൻ വർഷങ്ങളെക്കാൾ കൂടുതൽ തണുപ്പാണ് അനുഭവപ്പെടുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ ശരാശരി 18 മുതൽ 22 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. വൻതോതിൽ ശീതകാല പച്ചക്കറിക്കൃഷി ചെയ്യുന്ന ഊട്ടി, കൊടൈക്കനാൽ, വാൾപ്പാറ എന്നിവിടങ്ങളിലെ കാലാവസ്ഥയ്ക്ക് സമാനമായ തണുപ്പ് അനുഭവപ്പെട്ടത് മികച്ച വിളവ് ലഭിക്കാൻ കാരണമായി.