കാലിക്കറ്റ് സർവകലാശാല പരീക്ഷ: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പാലക്കാട്: അടുത്ത ദിവസങ്ങളിലായി ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ഡിഗ്രി പരീക്ഷകളോടനുബന്ധിച്ച് കോവിഡ് 19 വളരെ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ്.
പ്രധാനമായും സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന അട്ടപ്പാടി, മൂന്നാർ പ്രദേശങ്ങളിൽ നിന്നും വരുന്ന ഇരുപതോളം എസ്.സി/എസ്.ടി വിദ്യാർത്ഥികൾ ഉൾപ്പെടെ മറ്റു വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതും മതിയായ യാത്രാസൗകര്യമില്ലാതെ ദൂരയാത്രയുടെ ബുദ്ധിമുട്ടും വളരെയേറെയാണ്.
അതിനാൽ പരീക്ഷ മാറ്റിവെക്കാൻ യൂണിവേഴ്സിറ്റിയിൽ സമ്മർദം ചെലുത്തണമെന്നും പരീക്ഷ നടക്കുകയാണെങ്കിൽ
അട്ടപ്പാടി, മൂന്നാർ പോലെയുള്ള വിദൂര പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രദേശങ്ങളിൽ എക്സാം സെന്ററുകൾ അനുവദിക്കണമെന്നും ഹോസ്റ്റൽ കോവിഡ് സെൻ്ററായതിനാൽ അക്കമെഡേഷൻ ആവശ്യമായ വിദ്യാർത്ഥികൾക്ക് സൗകര്യം ഏർപ്പെടുത്താനും കോളേജ് അധികൃതർ തയ്യാറാകണമെന്നും ഫ്രറ്റേണിറ്റി യൂണിറ്റ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.യൂണിറ്റ് ഭാരവാഹികളായ നഹ് ല മുഹമ്മദ്, ഷബ്നം പി നസീർ, ജാസ്മിൻ എന്നിവരുമായുള്ള ചർച്ചയിൽ നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രിൻസിപ്പൽ നേതാക്കൾക്ക് ഉറപ്പു നൽകി.