ക്രമസമാധാനപാലനം യോഗം ചേര്‍ന്നു
അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയും നിയന്ത്രിച്ച് നടപടി സ്വീകരിക്കുന്നതിനായി എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടത്തും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാനാര്‍ഥികള്‍ക്ക് മൈക്ക് അനുവദിക്കുന്നതിന് ഡി.വൈ.എസ്.പി. ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് യോഗത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശാരീരിക അകലം പാലനം, മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം എന്നിവ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോലീസിന്റെ നേതൃത്വത്തിലുള്ള സൈബര്‍ സെല്‍ ജില്ലയില്‍ നിരീക്ഷണം ആരംഭിച്ചു. യോഗത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ പി. പി. പ്രമോദ്, ആര്‍.ഡി.ഒ. പി. കാവേരികുട്ടി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, അഗളി എ. എസ്.പി. പദം സിംഗ്, പോലീസ്, റവന്യൂ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്