തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി.പ്രമോദ് ഐ.എഫ്.എസ് ആണ് പൊതു നിരീക്ഷകനായി ചുമതലയേറ്റിരിക്കുന്നത്. ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍, നെന്മാറ എന്നിങ്ങനെ അഞ്ച് മേഖലകളിലായാണ് ചെലവ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.
പൊതു നിരീക്ഷകന്‍ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയും വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും യോഗം വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് സുഗമമായി നടത്തുക, തിരഞ്ഞെടുപ്പ് ചെലവ് ക്രമീകരിക്കുക, മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കുക എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ ക്രമസമാധാനം ഉറപ്പുവരുത്തുക, പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുക, തിരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നിവയും പൊതു നിരീക്ഷകന്റെ ചുമതലയാണ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ചെലവുകള്‍ പരിശോധിക്കുന്നതും അനുവദിച്ച തുകയില്‍ കൂടുതല്‍ ചെലവുണ്ടായാല്‍ നടപടി എടുക്കുന്നതും ചെലവ് നിരീക്ഷകരാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്