അസീസ് മാസ്റ്റർ –
കെ.പി .സി .സി .പ്രസിഡൻറായി കെ.സുധാകരൻ ചുമതലയേൽക്കുമ്പോൾ കോൺഗ്രസ്സിൽ തന്നെ ചില ശക്തമായ മാറ്റങ്ങൾ സംഭവിക്കാമെന്ന് കരുതിയിരിക്കുകയാണ് ജനങ്ങൾ
മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീരു കാണണമെന്നാഗ്രഹിക്കുന്ന അമ്മായിയമ്മയെ പോലെയാണ് കോൺഗ്രസ്സ് പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ് നേതാക്കളുടെ മനോനില യെന്ന് പറയാതെ വയ്യ.
കണ്ണൂരിൻ്റെ രാഷ്ട്രീയ ശൈലി കേരളമൊട്ടാകെ അംഗീകരിക്കപ്പെടുന്ന കാര്യമല്ല. കണ്ണൂർ എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ മിന്നി മറയുക കൊലക്കത്തി രാഷ്ട്രീയമാണ്. രാഷ്ട്രീയ നേട്ടത്തിനായി കണ്ണൂരിനെ കൊലപാതകത്തിലേക്ക് നയിച്ചത് നേതൃത്വത്തിൻ്റെ ആവേശം പകരുന്ന പ്രസംഗങ്ങളും കൊലപ്പുള്ളികൾക്ക് കിട്ടുന്ന വീരോചിത വരവേൽപ്പുമാണ്.
അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളിൽ രാഷ്ട്രീയ എതിരാളികളോട് കണക്ക് ചോദിക്കുന്ന വെല്ലുവിളി ശൈലി താഴെത്തട്ടിലെ നിസാര രാഷ്ട്രീയ വിഷയത്തെ ആളിക്കത്തിക്കുകയും അതിൻ്റെ ഫലമായി ചിലർക്ക് ജീവൻ നഷ്ടപ്പെടുകയോ, ഗുരുതര പരുക്കു പറ്റി ശിഷ്ടകാലം പ്രയാസത്തിലാവുകയോ ചെയ്യുന്നു. രാഷ്ട്രീയ ഭൂപടത്തിൽ കണ്ണൂരിനെ സംബന്ധിച്ചിടത്തോളം രക്തക്കറ പറ്റിയ ഒരു പ്രദേശമാണ്. ഇവിടെ നിന്നാണ് രാഷ്ട്രീയ തലപ്പത്തേക്കുള്ള പലരുടെയും കടന്ന് വരവുണ്ടായത്. സമകാലിക രാഷ്ട്രീയ സമവാക്യങ്ങളിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരുകാരനാണ്. കഴിഞ്ഞ ഭരണത്തിൻ്റെ മികവ് മാറ്റുരച്ച് തുടർ ഭരണം നേടിയപ്പോൾ പതറിപ്പോയ കോൺഗ്രസ് പ്രസ്ഥാനത്തിനു പുതിയ നേതാവിൻ്റെ ആവശ്യം വന്നു. അങ്ങനെയാണ് ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നും മാറി നിൽക്കുന്ന, ഉശിരുള്ള, തൻ്റേടിയായ ഒരാൾ എന്ന നിലക്ക് കോൺഗ്രസിലെ ഒറ്റക്കൊമ്പൻ എന്നൊക്കെ വിശേഷണമുള്ള കണ്ണൂരുകാരനായ കെ സുധാകരൻ എം പി തെരഞ്ഞെടുക്കപ്പെട്ടത്.
സി പി എം വിരോധം ജീവിത വ്രതമാക്കിയിട്ടുള്ള കുമ്പക്കുടി സുധാകരൻ എന്ന കെ പി സി സി പ്രസിഡൻ്റ് പദവി ഏറ്റെടുത്തതോടെ തോൽവിയുടെ അപമാനഭാരത്താൽ ഉറങ്ങിക്കിടക്കുന്ന കേരള കോൺഗ്രസിന് എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അധികാരത്തിൻ്റെ വടംവലിയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കാർന്നു തിന്നുന്ന വൈറസാണ് ഗ്രൂപ്പ്. ഈ ഗ്രൂപ്പുകളിക്ക് പുറത്ത് നിന്ന് കോൺഗ്രസിൻ്റെ തീവ്രപക്ഷ നാവായ കെ സുധാകരന് ഗ്രൂപ്പ് വടംവലിയിൽ മുൻ കെ പി സി സി പ്രസിഡൻ്റുമാരെ പോലെ കുഴങ്ങുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മകൻ ചത്താലും കുഴപ്പമില്ല – മരുമകളുടെ കണ്ണീരു കാണണമെന്ന് കൊതിക്കുന്ന അമ്മായിയമ്മയെ പോലെയാണ് കോൺഗ്രസ്സ് പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ് നേതാക്കളുടെ മനോനില യെന്ന് പറയാതെ വയ്യ
ഇന്ത്യയിൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ പ്രസക്തി ശോഷിച്ചു വരുമ്പോൾ കേരളത്തിൽ മാത്രമാണ് കോൺഗ്രസുകാർക്ക് പ്രതീക്ഷയുള്ളത്. ദന്തഗോപുരത്തിലിരുന്ന് പടനയിച്ചാൽ മതി, അഞ്ചുവർഷം കൂടുമ്പോൾ ഞങ്ങൾ അധികാരത്തിൽ വരും എന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൊതുജനം കുപ്പത്തൊട്ടിയിലെറിഞ്ഞ് കൈ കഴുകിയത്. എന്നിട്ടും പാഠം പഠിക്കാത്ത പോലെ – ഇപ്പോഴും ഗ്രൂപ്പിസം തലങ്ങും വിലങ്ങും തല പൊക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ഭാവിക്കു വേണ്ടി കെ സുധാകരൻ്റെ സംഭാവനകളും നിലപാടുകളും പ്രാധാന്യമർഹിക്കുന്നു.
ബി ജെ പിയോട് മൃദുസമീപനവും സി പി എമ്മിനോട് ആജന്മ ശത്രുതാ മനോഭാവവും വെച്ച് പുലർത്തുന്ന കെ സുധാകരൻ്റെ ശൈലി കണ്ണൂരുകാർക്ക് പോലും അത്ര ദഹിക്കാറില്ല. അപ്പോൾ പ്രമാണിമാരുടെ കൂടി നേതാവാകുന്ന കെ എസിൻ്റെ സംസാരരീതിയും ശരീരഭാഷയും കേരളത്തിലങ്ങോളമിങ്ങോളുമുള്ള ഗ്രൂപ്പിസത്തിൽ അഭിരമിച്ചവർക്ക് ഒട്ടും ദഹിച്ചെന്ന് വരില്ല.
ലോകസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച യു ഡി എഫ് ത്രിതല -നിയമസഭ തെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയത് കോൺഗ്രസ് നേതൃത്വത്തിൻ്റെ പിടിപ്പുകേടുകൊണ്ടാണെന്ന് മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞ നേതാവാണ് കെ സുധാകരൻ. ആ നിലയിൽ, മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് എത്തിപ്പെട്ട കെ സുധാകരൻ്റെ തന്ത്രങ്ങൾ ഗ്രൂപ്പതീത ഉണർവ്വ് കോൺഗ്രസ് പ്രസ്ഥാനത്തിനു നൽകുമോ എന്ന ശുഭ പ്രതീക്ഷയാണ് അണികൾക്ക്.
നല്ലൊരു നേതൃത്വത്തിൻ്റെ കുറവില്ലാത്തതാണ് അധികാര രാഷ്ട്രീയത്തിൽ കോൺഗ്രസ് പിന്നാക്കം പോയത്. കോൺഗ്രസിൻ്റെ വലംകയ്യായിട്ടുള്ള ലീഗിനും നേതൃത്വഗുണമില്ലായ്മയുടെ ദുരവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്നു. അധികാര മോഹികളായ പല ഘടക കക്ഷികളെയും എല്ലാഴ്പ്പോഴും വിശ്വസിക്കാനും പറ്റില്ല. അങ്ങോട്ടും ഇങ്ങോട്ടും ചായുകയോ, പിളർന്ന് ഒരു കൂട്ടം മാത്രമായി അവശേഷിക്കുകയോ ചെയ്യുകയാണ് യു ഡി എഫിലെ ഘടക കക്ഷികളിൽ മിക്കവയും.
സംഘപരിവാർ അജൻഡകളെ തുറന്ന് എതിർക്കാൻ എപ്പോഴും വിമുഖത കാട്ടാൻ കെ സുധാകരൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ആയിരം നാവുമാണ്. കണ്ണൂരിൽ സി പി എം തുടങ്ങിയ കണ്ടൽക്കാട് ടൂറിസം പദ്ധതി പൊളിച്ച് കയ്യിൽ കൊടുത്തത് കെ സുധാകരൻ തനിച്ചായിരുന്നു. ആ ധാർഷ്ട്യവുമായി കേരളത്തിലെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ അവസരത്തിൽ, കെ സുധാകരൻ്റെ കെ പി സി സി പ്രസിഡൻ്റ് സ്ഥാനം കണ്ണൂർ സി പി എം വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സുധാകരൻ്റെ പഴയ പ്രസംഗങ്ങൾ തപ്പിയെടുത്ത് സമൂഹ മാധ്യമത്തിലൂടെ ചർച്ചകൾക്ക് തുടക്കമിട്ടതും നാം കാണാതെ പോവരുത്.’
ഗുരുതരമായ ഇരുപതോളം ആരോപണങ്ങൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉയർത്തിയിട്ടു പോലും തുടർ ഭരണവുമായി മുന്നേറുന്ന ഇടതു മുന്നണിക്കൊപ്പം കെ സുധാകരൻ്റെ ചാണക്യസൂത്രങ്ങൾ ഫലിക്കുമോ, കോൺഗ്രസ് പ്രസ്ഥാനത്തിന് പുത്തനുണർവ്വ് ഉണ്ടാകുമോ, ജനകീയ വിഷയങ്ങളിൽ ഇറങ്ങിച്ചെന്ന് കോൺഗ്രസിൻ്റെ സ്വാധീനം ശക്തിപ്പെടുത്താൻ അണികൾക്ക് കഴിയുമോ എന്നു തുടങ്ങി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റുന്ന കെ സുധാകരനിൽ വലയം ചുറ്റുന്ന നിരവധി ചോദ്യങ്ങൾക്ക് എത്ര ശതമാനം വിജയം പിണറായി വിജയനെ തിരിൽ ഉണ്ടാകുമെന്ന് കാണാം.
സി പി എം തലമുറ മാറ്റവും വഴി പുതുതലമുറയെയും പെൻഷനും കിറ്റുമായി കുടുംബനാഥന്മാരെയും സ്വാധീനിച്ചപ്പോൾ വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യുവിൻ്റെ പ്രാധാന്യം പോലും ഉപയോഗിക്കാനറിയാത്ത തലമൂത്ത നേതാക്കന്മാർക്കിടയിൽ യുവാക്കൾക്ക് അവസരം ലഭിക്കാതെ വരുമ്പോൾ അടിത്തട്ടിലേ മണ്ണിളക്കി നല്ല വളവും വിത്തു മിട്ടാലേ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും കോൺഗ്രസിന് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറുകയുള്ളു.
കോൺഗ്രസ് പ്രസ്ഥാനത്തിനെ ഒരു സെമി കേഡർ സ്വഭാവത്തിലേക്ക് കൊണ്ടു വരണമെന്ന ഉറപ്പ് പ്രവർത്തകർക്ക് നൽകുന്നതിലൂടെ സംഘടനക്ക് ലഭിക്കുന്ന ഊർജ്ജം ചെറുതല്ല. ഇതുവരെയുള്ള പല ശൈലികളിലും മാറ്റം അനിവാര്യമാണ്. ആർക്കും കോൺഗ്രസിലേക്ക് കടന്നു വരാമെന്ന ധാരണക്ക് അറുതി വരേണ്ടതുണ്ട്. അഞ്ചംഗങ്ങളെ ചേർക്കുന്നതിലൂടെ നേതാവാകാമെന്ന അവസ്ഥയും നെറ്റ് മാർക്കറ്റിംഗിലൂടെ കോൺഗ്രസ് പ്രവർത്തനം നടത്താമെന്ന ധാരണക്കും മാറ്റം വരേണ്ടതുണ്ട്. കാലിടറി നിൽക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് എന്നിൽ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യത്തോടെയാണ് കെ സുധാകരൻ കെ പി സി സി യെ നയിക്കുക എന്ന ആത്മവിശ്വാസം അണികൾക്കിടയിലുള്ളത് നല്ലൊരു തുടക്കമായി കരുതാം. അദ്ദേഹം പറഞ്ഞതു പോലെ ഇപ്പോൾ ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന് ഒരു തിരിച്ചു വരവ് സാധ്യമല്ല. കെ പി സി സി പ്രസിഡൻ്റായി ഇന്ന് ചുമതലയേറ്റ കെ സുധാകരൻ എം പിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സായാഹ്നം കുടുംബത്തിൻ്റെ പിന്തുണയും അറിയിക്കുന്നു. ജയ്ഹിന്ദ്.
തീർച്ചയായും കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന കോൺഗ്രസ്സിനെ സ്നേഹിക്കുന്ന, ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റുന്ന, ഈ പാർട്ടി നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഓരോ കോൺഗ്രസ്സ്കാരനും കെ. സുധാകരൻ എന്ന ശക്തനായ, കരുത്തനായ നേതാവിന്റെ വരവിനെ വളരെകാലമായി കാത്തിരിക്കുക ആയിരുന്നു..
മറ്റുള്ളവർ മോശമായത് കൊണ്ടല്ല…പിണറായി വിജയൻ എന്ന ഏകാധിപതിയെ മടയിൽ കയറി നേരിടാൻ സുധാകരൻ എന്ന കരുത്തനേ ഇന്ന് കഴിയുകളുള്ളൂ. അതാണ് കാരണം.
ചാരുംമൂട് ഷംസുദീൻ..
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി..
തീർച്ചയായും കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന കോൺഗ്രസ്സിനെ സ്നേഹിക്കുന്ന, ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റുന്ന, ഈ പാർട്ടി നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഓരോ കോൺഗ്രസ്സ്കാരനും കെ. സുധാകരൻ എന്ന ശക്തനായ, കരുത്തനായ നേതാവിന്റെ വരവിനെ വളരെകാലമായി കാത്തിരിക്കുക ആയിരുന്നു..
മറ്റുള്ളവർ മോശമായത് കൊണ്ടല്ല…പിണറായി വിജയൻ എന്ന ഏകാധിപതിയെ മടയിൽ കയറി നേരിടാൻ സുധാകരൻ എന്ന കരുത്തനേ ഇന്ന് കഴിയുകളുള്ളൂ. അതാണ് കാരണം.
ചാരുംമൂട് ഷംസുദീൻ..
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി..