കുറച്ചു നാളുകളായി പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങള്‍ക്കുള്ള വിലക്കയറ്റം സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിദുദ്ധക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നേ ഈ വിലക്കയറ്റത്തെ വിശേഷിപ്പിക്കാനാവൂ. സത്യത്തില്‍ ആരാണ് വിലക്കയറ്റത്തിന് ഉത്തരവാദി എന്ന തര്‍ക്കം എല്ലാ രാഷ്ട്രീയ കക്ഷികളും ഉന്നയിക്കുമ്പോള്‍ സാധാരണക്കാര്‍ വിലക്കയറ്റത്തിന്റെ എല്ലാ ഭാരവും പേറി ജീവിതം തള്ളി നീക്കുകയാണ്. വിലക്കയറ്റത്തിനെതിരേ ഇതേ കോളത്തില്‍ പലവട്ടം എഴുതിയതാണ്. ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമയങ്ങളില്‍ മാത്രം വില കുറയുകയും അതുകഴിഞ്ഞാല്‍ കുറച്ച വിലയുടെ ഇരട്ടി വര്‍ധിപ്പിച്ച് ബി ജെ പി സര്‍ക്കാര്‍ കൊഞ്ഞനം കുത്തുന്നുവെന്നതാണ്. മന്മോഹന് സിംഗ് സര്‍ക്കാറിനെ താഴെയിറക്കാന്‍ മോദിയും സംഘവും ഏറ്റവും കൂടുതല്‍ ആയുധമാക്കിയത് ഇന്ധനവില വര്‍ധിപ്പിച്ചുവെന്നതാണ്. 2010ല്‍ മന്മോഹന് സര്‍ക്കാര്‍ പെട്രോളിന്റെ വിലനിര്‍ണയ അധികാരം വിപണിക്കു വിട്ടു. 2014ല്‍ മോദി സര്‍ക്കാര്‍ വന്ന ശേഷം ഡീസലിന്റെ വിലയും വിപണിക്കു വിട്ടു.
കഴിഞ്ഞ ഏഴു വര്‍ഷമായി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ വിലക്കയറ്റം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നതാണ് കാണുന്നത്.
ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 1973ലെ ആഗോള എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ’74ല്‍ വിഷയം പഠിക്കാനായി എസ്.കെ.ശാന്തിലാല്‍ ഷാ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. ’77ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഓയില്‍ പൂള് അക്കൗണ്ട് നിലവില്‍ വന്നത്. രാജ്യാന്തര വിപണിയില്‍ വില ഉയരുമ്പോള്‍ ആഭ്യന്തര വിപണിയിലെ വില കുറച്ചുനിര്‍ത്താനായി സൃഷ്ടിച്ചതാണ് ഈ അക്കൗണ്ട്. ഈ അക്കൗണ്ടില്‍നിന്നു പണമിറക്കി വില പിടിച്ചുനിര്‍ത്തുന്നതായിരുന്നു രീതി. എന്നാല്‍ ഈ അക്കൗണ്ട് കേന്ദ്രസര്‍ക്കാരിനു വലിയ ബാധ്യതയായതോടെ ഇതിലേക്കു പണം കണ്ടെത്താന്‍ ഓയില്‍ ബോണ്ടുകള്‍ പുറത്തിറക്കിത്തുടങ്ങി. ബോണ്ടിന്റെ പലിശ വളര്‍ന്ന് സര്‍ക്കാരിനു 18,200 കോടിയുടെ ബാധ്യത വന്നതോടെ 1998ല്‍ വാജ്പേയി സര്‍ക്കാരാണ് ഓയില്‍ പൂള് അക്കൗണ്ട് നിര്‍ത്തലാക്കാനും വിലനിര്‍ണയം വിപണിക്കു വിടാനുമുള്ള ആലോചന തുടങ്ങിയത്. ഇന്ധനം ഇറക്കുമതി ചെയ്തു വിപണിയിലെത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിട്ടും വിലക്കയറ്റം എന്നത് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത എന്തോ ഒരു വലിയ സംഗതിയാണെന്ന തരത്തിലാണ് ബി ജെ പി സര്‍ക്കാര്‍ ന്യായം.
താങ്ങാവുന്നതിലും കൂടുതല്‍ ഇന്ധനവിലവര്‍ധനയ്ക്കു കാരണം ആരാണെന്ന ചോദ്യത്തിന് ഉത്തരം ബിജെപി സര്‍ക്കാര്‍ എന്നുതന്നെയാണ്. മോദി സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലെത്തിയ 2014ല്‍ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 9.48 രൂപയായിരുന്നു. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ഇത് 32.90 രൂപയാണ്. വര്‍ധന 247 %. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.80 രൂപയായി; വര്‍ധന 793.25%. 7 വര്‍ഷം കൊണ്ട് 16 ലക്ഷം കോടി രൂപയാണു കേന്ദ്രത്തിനു നികുതി ഇനത്തില്‍ കിട്ടിയതെന്നു കൂടി അറിയുക.
ഇപ്പോള്‍ ബി ജെ പി സര്‍ക്കാറിനെതിരേ അണികള്‍ക്കിടയില്‍ പോലും പ്രതിഷേധവും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കഴിഞ്ഞ 14 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതും കണക്കിലെടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചത്. എന്നാല്‍ കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ല. ഡല്‍ഹി, ബംഗാള്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി നവീന്‍ പട്നാകുതി ഇളവ് പ്രഖ്യാപിച്ചു. ഡീസലിനും പെട്രോളിനും മൂല്യവര്‍ധിത നികുതി ഏറ്റവും അധികം കുറവു വരുത്തിയത് കേന്ദ്രഭരണ പ്രദേശമായ ലഡാക്കാണ്. എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രനടകുറച്ചതോടെ നടപ്പുസാമ്പത്തികവര്‍ഷം അവശേഷിക്കുന്ന കാലയളവില്‍ സര്‍ക്കാരിന് 45,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഗവേഷണ ഏജന്‍സിയായ നോമുറയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ധനവില ഒരു രാഷട്രീയമാണ് എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് ഇന്ധനവിലക്കയറ്റവും ഇപ്പോള്‍ പ്രഖ്യാപിച്ച വിലക്കുറവുമൊക്കെ രാഷ്ട്രീയകക്ഷികള്‍ക്ക് ആരോപണപ്രത്യാരോപണത്തിനും സമരപ്രഖ്യാപനത്തിനും മറ്റുമുള്ള പ്രധാന വിഷയങ്ങള്‍.
അറുപത് രൂപയില്‍ നിന്നാണ് 110 രൂപ വരെ പെട്രോള്‍ എത്തിയത്. പാചക ഗ്യാസിന് 400 രൂപ ഉണ്ടായിരുന്നത് ആയിരം രൂപ കടന്നു. സബ്സിഡി എന്ന് പറഞ്ഞ് ആദ്യം ചില്ലറ ഉപഭോക്താവിന് കിട്ടിയെങ്കിലും പതിയെ അതിനെക്കുറിച്ച് ഒരക്ഷരവും മിണ്ടുവാനോ, ചര്‍ച്ച ചെയ്യുവാനോ, അവകാശം നേടിയെടുക്കുവാനോ ആര്‍ക്കും നേരവും കാലവുമില്ല. അത് മുതലെടുത്ത് മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി, കുത്തക മുതലാളിമാര്‍ക്ക് ലണ്ടനില്‍ പോലും കൊട്ടാര ഭവനം സ്വന്തമാക്കാന്‍ കൂട്ടു നില്‍ക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കിടയില്‍ സാധാരണക്കാരുടെ ജീവിതം സന്തോഷകരമാവുന്ന ഒരു സായാഹ്നത്തെ പ്രതീക്ഷയോടെ കാത്തിരിക്കാം. എല്ലാവര്ക്കും നന്മകള് നേരുന്നു. ജയ്ഹിന്ദ്.