പ്രവാചകൻ മുഹമ്മദ് (സ) നൽകിയത് മാനവീകതയുടെ സന്ദേശം
—– അസീസ് മാസ്റ്റർ —–
മാനവകുലത്തിന് ഗുണവും സര്‍വ്വൈശ്വര്യവും ആഗ്രഹിച്ച് ജീവിതമാതൃക കാട്ടിയ പ്രവാചകന്മാരില്‍ അവസാനത്തെ കണ്ണിയാണ് മക്കയില്‍ ജന്മം കൊണ്ട മുഹമ്മദ് നബി. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ മാനവികതയുടെ ഗുണഭോക്താവായി മാറുന്നുള്ളു. മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിലാണ് നാം ഇപ്പോഴുമുള്ളത്. ഇസ്‌ലാം എന്ന സമാധാനസന്ദേശത്തെ, ഭീകരതയുടെയും കാപട്യത്തിന്റെയും പ്രതീകമായി പ്രവാചകനെയും അനുയായികളെയും ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ചില സംഘടിത ശക്തികള്‍. മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്‌ലാം ലോകത്തിനുമേല്‍ ചെലുത്തിയ സ്വാധീനത്തെ മറന്നുകൊണ്ടാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ചിന്ത സമൂഹത്തിലേക്ക് കയറ്റി വിടുന്നത്. പ്രബല മതങ്ങളായ ക്രിസ്തു മതത്തിന്റെയും ബുദ്ധമതത്തിന്റെയും നേതാക്കളായ യേശുവിനും ശ്രീ ബുദ്ധനും ലോകം കല്‍പിച്ചു നല്‍കിയ സ്ഥാനത്തിന് നേര്‍വിപരീതത്തിലാണ് നബിയെ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവാത്ത സത്യമാണ്.
ഇസ്‌ലാമിനേയും നബിയേയും മനസ്സിലാക്കുന്നതിന്ന് ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയും എന്നാല്‍ തങ്ങളുടെ അന്വേഷണത്തിന്റെ പാതയില്‍ വ്യതിചലിച്ചുപോവുകയും ചെയ്ത പാശ്ചാത്യ പണ്ഡിതരുണ്ട്. അതിന്ന് പ്രധാന കാരണം കിഴക്കിന്നും പടിഞ്ഞാറിന്നുമിടയില്‍ ഉയര്‍ന്നു നിന്ന മതിലാണ്. പാശ്ചാത്യ മൂല്യങ്ങള്‍ക്കും ക്രിസ്തീയ ജീവിത ബോധത്തിന്നും അനുസരിച്ചാണ് അവര്‍ അറബ് ഗോത്ര ജീവിതത്തേയും ആ ജീവിതത്തില്‍ നിന്ന് പ്രവാചകന്‍ കിളിര്‍പ്പിച്ചെടുത്ത ഇസ്‌ലാമിക മൂല്യങ്ങളേയും പഠന വിധേയമാക്കിയത്. പാശ്ചാത്യര്‍ ശീലിച്ച ജീവിതശൈലിയില്‍ നിന്നും കണ്ടു പഴകിയ മൂല്യവ്യവസ്ഥയില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു ഇസ്‌ലാമിന്റെ രീതി. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന പടിഞ്ഞാറന്‍ നാഗരികത ഇസ്‌ലാമിനെ പ്രാകൃതം എന്നെഴുതിത്തള്ളുകയാണ് ചെയ്തത്. നിലവിലുള്ള സദാചാര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ മാതൃകാ യോഗ്യമല്ല മുഹമ്മദിന്റെ ജീവിതം എന്ന നിഗമനത്തിലേക്ക് എച്ച് ജി വെല്‍സിനെപ്പോലെയുള്ള ഒരു ചരിത്രകാരനെ നയിച്ചത് ഈ അവസ്ഥയാണെന്ന് പറയാം.
ആദ്യ കാലത്ത് പാശ്ചാത്യ എഴുത്തുകാര്‍ മുഹമ്മദ് നബിയെ ശത്രുതയോടെയാണ് സമീപിച്ചത് എന്നാണ് സാമാന്യേന നിരീക്ഷിക്കപ്പെടുന്നത്. ഡിവൈന്‍ കോമഡിയില്‍ മഹാകവി ദാന്റെ നബിയെ നരകത്തില്‍ കണ്ടെത്തല്‍ ഒരു കവിയുടെ ഭാവന മാത്രമല്ല, പടിഞ്ഞാറന്‍ നാടുകള്‍ മുഹമ്മദ് നബിയെക്കുറിച്ചു വച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങളുടെ പൊതുരൂപം കൂടിയാണ്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിന്റെ ഈ പശ്ചാത്തലം പിന്നീട് പല ഓറിയന്റലിസ്റ്റ് എഴുത്തുകാരും പഠന വിധേയമാക്കിയിട്ടുണ്ട്. മുസ്ലിംകള്‍ മുഹമ്മദ് നബിയെ, മഹാനായ പ്രവാചകന്‍ എന്ന നിലയില്‍ വളരെയധികം ഔന്നത്യത്തില്‍ പ്രതിഷ്ഠിക്കുമ്പോഴാണ് അദ്ദേഹം തീരെ അഭിമതനല്ലാത്ത വ്യക്തിയായി ചിത്രീകരിക്കപ്പെടുന്നത് എന്നോര്‍ക്കണം. ഇസ്‌ലാം മതവിശ്വാസികള്‍ നബിയെ ‘സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠന്‍’ (അശ്‌റഫുല്‍ ഖല്‍ഖ്) ആയി ഗണിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ശ്രേഷ്ടനായ മനുഷ്യനാവുന്നത്.
പ്രവാചക ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്ലാമിന്റെ ദൗത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയന്റലിസ്റ്റ് രചനകള്‍ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവുമെന്ന് ഈ പഠനങ്ങള്‍ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്‌നത്തില്‍ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലനിന്നിരുന്ന ദൈവ സങ്കല്പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികള്‍. നബി അവരെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധനക്ക് അര്‍ഹനെന്നും മനുഷ്യര്‍ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങള്‍ക്കും പെരുമാറ്റ സംഹിതകള്‍ക്കും വിധേയരാണ് മനുഷ്യര്‍ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവ സങ്കല്‍പം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകം കൂടി ആയിത്തീര്‍ന്നു. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കല്‍പങ്ങള്‍ തിരുത്തുകയാണ് മുഹമ്മദ് (സ്വ) ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുണ്ടായി.
പ്രശസ്ത നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാര്‍ഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ്. നബി ബര്‍ണാര്‍ഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്ര കൂടിപ്പറഞ്ഞു: ”അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറ്റെടുത്താല്‍ നമുക്ക് ഏററവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും വിജയ പൂര്‍വം കൈകാര്യം ചെയ്യപ്പെട്ടേനെ. നബിയെ അദ്ദേഹത്തിന്റെ മത സത്തയില്‍ നിന്ന് വേര്‍ തിരിച്ചു നിര്‍ത്തിയല്ല ബര്‍ണാര്‍ഡ്ഷാ ദര്‍ശിച്ചത്. മനുഷ്യചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പററിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കള്‍ എച്ച് ഹാര്‍ട്ടിന്റെ ‘നൂറ് പേര്‍ : ചരിത്രത്തെ ഏററവും സ്വാധീനച്ചവരുടെ ക്രമം’ എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കള്‍ ഹാര്‍ട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. ക്രിസ്തു മതത്തിന്റെ വളര്‍ച്ചക്ക് യേശു വഹിച്ചതിലേറെ പങ്ക് ഇസ്‌ലാമിന്റെ വികാസത്തില്‍ നബി വഹിച്ചിട്ടുണ്ടെന്നാണ് മൈക്കള്‍ ഹാര്‍ട്ടിന്റെ കണ്ടെത്തല്‍. ക്രിസ്തീയ സദാചാര സങ്കല്പങ്ങള്‍ക്ക് രൂപം നല്‍കിയത് യേശുവാണെങ്കിലും ക്രിസ്ത്യന്‍ ദൈവശാസ്ത്രം വികസിപ്പിച്ചത് സെയിന്റ്് പോളാണ്. എന്നാല്‍ ഇസ്‌ലാമിക സദാചാര പാഠങ്ങള്‍ക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നല്‍കിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങള്‍ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാര്‍ട്ടിന്റെ ഭാഷ്യം.
മുഹമ്മദ് എന്ന പ്രവാചകനെപ്പററിയും മുഹമ്മദ് എന്ന വ്യക്തിയെപ്പറ്റിയും ഇപ്പോഴും ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നു. പാശ്ചാത്യ ലോകം ഇനിയും ഈ മനുഷ്യനെയും അദ്ദേഹം പ്രസരിപ്പിച്ച സന്ദേശങ്ങളെയും ശരിയാം വണ്ണം ഉള്‍കൊണ്ടിട്ടില്ല. സ്വീകാര്യതയുടെയും നിരാകരണത്തിന്റേയും വിവിധ ഘട്ടങ്ങളിലാണ് അവര്‍ക്ക് ഇസ്‌ലാം, അതേപോലെ നബിയും. ദുരന്ത സാഹചര്യങ്ങളില്‍ സഹജീവികള്‍ക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാനുള്ള മനസ് നബിചര്യ പിന്തുടരുന്നവരെ എപ്പോഴും നയിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും കുടുംബം, സമൂഹം എന്നീ നിലയിലും ചെയ്യേണ്ടതും അരുതാത്തതുമായ ഒരു ജീവിത നിഷ്ഠയാണ് നബി ലോകത്തിന് നല്‍കി കൊണ്ടിരിക്കുന്ന സന്ദേശം. എല്ലാവര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.