തച്ചനാട്ടുകര:നാട്ടുകൽ 55-ാം മൈൽ സ്വദേശി ചേലോക്കോടാൻ ആസിഫിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ചുമതല മണ്ണാർക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന് കൈമാറി. ആസിഫിന്റെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കിണറിലും പരിസരത്തും ഡിവൈഎസ്പി പരിശോധന നടത്തി. വീട്ടിലെത്തി മാതാപിതാക്കളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
ഡിസംബർ അഞ്ചിന് വൈകീട്ട് എട്ടോടെ കാണാതായ ആസിഫിനെ ഏഴിന് വൈകീട്ട് അഞ്ചോടെ ദേശീയപാതയ്ക്കും വീടിനും നൂറ് മീറ്റർ അകലെ കിണറിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു.അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷൻ കൗൺസിലും നാട്ടുകൽ പൊലീസ് സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം ധർണ നടത്തിയിരുന്നു.