ജില്ലയിലെ കോൺഗ്രസ് നേതൃയോഗം ഇന്ന് കാലത്ത് ഷോപ്പിംഗ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല
പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് ∙ ജനപ്രതിനിധിയായി നാലു തവണ പൂർത്തിയാക്കിയവരെ ഇനി പരിഗണിക്കേണ്ടതില്ലെന്നു കോൺഗ്രസ് തീരുമാനം. നേതൃയോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപിയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. കുടുംബാംഗങ്ങൾ മാറിമാറി മത്സരിക്കുന്ന രീതി വേണ്ട. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ എന്നിവർ അഭിപ്രായപ്പെട്ടു.
കോൺഗ്രസിൽ റിബലുകൾക്ക് ഇനി സ്ഥാനമില്ലെന്നും സ്ഥാനാർഥി നിർണയം വാർഡ് കമ്മിറ്റികളുടെ നിർദേശമനുസരിച്ചായിരിക്കുമെന്നും ജനപിന്തുണയുള്ളവർക്കു കൂടുതൽ പരിഗണന നൽകുമെന്നും യോഗം ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കാൻ പറ്റുന്ന അവസരം ജനങ്ങൾ പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശ്രീകണ്ഠൻ എംപി അധ്യക്ഷനായിരുന്നു.
രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ, മുൻ എംപി വി.എസ്.വിജയരാഘവൻ, കെപിസിസി വൈസ് പ്രസിഡന്റ് സി.പി.മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, ഒ.അബ്ദുറഹ്മാൻകുട്ടി, സി.ചന്ദ്രൻ, എ.തങ്കപ്പൻ, കെ.എ.തുളസി, സി.വി.ബാലചന്ദ്രൻ, എ.കുമാരസ്വാമി, കെ.എസ്.ബി.എ.തങ്ങൾ, പി.ബാലഗോപാൽ, പി.വി.രാജേഷ്, വി.ഹരിഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു