മംഗലത്ത് ചീട്ടുകളി; ആറുപേർക്കെതിരെ കേസ്.
വടക്കഞ്ചേരി..
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പൊതുസ്ഥലത്ത് ചീട്ടു കളിച്ചതിന് ആറുപേർക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു. മംഗലം ഗവ. ഐ ടി ഐ ക്കു സമീപം ഓർക്കുന്നംകാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചീട്ടു കളിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വേഷംമാറി സ്ഥലത്ത് ചെന്ന് അഞ്ചുമൂർത്തി മംഗലം സ്വദേശികളായ ജയപ്രകാശ്, മണികണ്ഠൻ, ശിവദാസൻ, ബൈജു, സുധീന്ദ്രൻ മോഹൻദാസ് എന്നിവരെ വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ വി ടി ഷാജൻ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എതിരെ ചീട്ടു കളിച്ചതിനു ചൂതാട്ട നിയമപ്രകാരവും പകർച്ച വ്യാധി നിയന്ത്രണ ഓഡിനൻസ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ച ശനിയാഴ്ച രാവിലെ 06.00 മണി മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയുന്നതിന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നിർദ്ദേശാനുസരണം വാണിയംപാറ, മുടപ്പല്ലൂർ, പുളിൻകൂട്ടം, വടക്കഞ്ചേരി ടൗൺ എന്നിവിടങ്ങളിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി ശക്തമായ പരിശോധന നടത്തി വരികയാണ്. കൂടാതെ മൂന്ന് ബൈക്ക് പട്രോളുകളും മൂന്ന് ജീപ്പ് പെട്രോളും ഏർപ്പാട് ചെയ്തിട്ടുണ്ട്. ക്വാരൻ്റയിൽ ഇരിക്കുന്ന ആളുകൾ വീടുകളിൽ തന്നെ ഉണ്ടോ എന്നറിയുന്നതിന് എന്ന് ജനമൈത്രി പോലീസ് വോളണ്ടിയർമാരും പോലീസ് ഉദ്യോഗസ്ഥരും ഒന്നിച്ച് മോട്ടോർ സൈക്കിളിൽ പോയി ചെക്ക് ചെയ്യുന്നുണ്ട്. കോവിഡു രോഗികളോ അവരുടെ കോൺടാക്ട് കളോ ആയി ക്വാരൻ്റയിനിൽ കഴിയുന്നവർ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ടോ എന്ന് ഈ സംഘം അന്വേഷിക്കുകയും നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർ ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നതാണ്. കഴിഞ്ഞദിവസം ക്വാരൻ്റയിൻ ലംഘിച്ച് പുറത്തിറങ്ങിയ 2 സ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെയും ഇന്നുമായി മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയ 47 പേർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട് . നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിലും കർശനമായ പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. നാളെ മുതൽ കൂടുതൽ ജനമൈത്രി പോലീസ് വോളണ്ടിയർമാർ കാർ കൂടി പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം രംഗത്തുണ്ടാകും. പാലക്കാട് ജില്ലാ പോലീസ് മേധാവി അർ. വിശ്വനാഥ്, വാണിയമ്പാറയില് സ്ഥാപിച്ചിട്ടുള്ള വാഹന പരിശോധനയ്ക്കുള്ള ചെക്ക് പോസ്റ്റ് സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. തൃശ്ശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. അനാവശ്യമായി വരുന്നവരെ പരിശോധിച്ച് മടക്കി അയക്കുകയാണ്.