ബന്ധുവീട്ടിൽ പോയെന്നാണു നാട്ടുകാർ കരുതി, ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
അകത്തേത്തറയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജഗോപാലും ഭാര്യ ലീലാവതിയും.
പാലക്കാട് ∙ അകത്തേത്തറയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും ഭാര്യയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലേക്കുളങ്ങര കുന്നംപാറ കാളിയംപറമ്പ് വീട്ടിൽ റിട്ട. ലോക്കോ പൈലറ്റ് രാജഗോപാൽ (84), ഭാര്യ ലീലാവതി (78) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. നാലു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധത്തെത്തുടർന്നു സമീപവാസികളാണു വിവരം ഇന്നലെ വൈകിട്ടു പൊലീസിനെ അറിയിച്ചത്. നാലു ദിവസമായി വീടു പൂട്ടിക്കിടക്കുകയായിരുന്നു.
ഇരുവരും ബന്ധുവീട്ടിൽ പോയെന്നാണു നാട്ടുകാർ കരുതിയത്. ഹേമാംബിക നഗർ പൊലീസ് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അടുക്കളയിൽ മൃതദേഹങ്ങൾ കണ്ടത്. മക്കൾ: മോഹൻകുമാർ, സുരേഷ് കുമാർ, ശശി കുമാർ, ജ്യോതി ലക്ഷ്മി. മരുമക്കൾ: ഗിരിജ, രാധ, ബേബി, മണികണ്ഠൻ. ഇൻസ്പെക്ടർ കെ.പി. മിഥുൻ, എസ്ഐ പി. സംഗീത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധിച്ചു. ഇന്ന് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.