വടക്കഞ്ചേരി ∙ ടൗണിലെ ഷാ ടവറിൽ പാർക്കിങ് ഏരിയയിൽനിന്ന് സൈക്കിൾ മോഷ്ടിച്ചു. മുടപ്പല്ലൂരിലെ വിദ്യാർഥിയായ സുഹൈലിന്റെ അയ്യായിരം രൂപ വിലയുള്ള സൈക്കിളാണ് മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിൽ മോഷണം നടത്തിയത് കൃത്യമായി കാണുന്നുണ്ട്. ദൃശ്യമടങ്ങിയ ഹാർഡ് ഡിസ്ക്ക് ഷാ ടവർ മാനേജർ സലിം തണ്ടലോട് പൊലീസിനു കൈമാറി. ഗേറ്റ് വഴി വന്ന മാസ്ക് ധരിച്ച യുവാക്കൾ ടവറിന്റെ പല ഭാഗത്തും പരിശോധന നടത്തിയ ശേഷമാണ് മൊബൈൽ കടയുടെ മുൻപിലുണ്ടായിരുന്ന സൈക്കിൾ മോഷ്ടിച്ചത്. മൊബൈൽ കടക്കാരന്റെ ശ്രദ്ധ മാറ്റാൻ ഒരാൾ കടയിൽ കയറി 10 രൂപ റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഇയാൾ പറഞ്ഞുകൊടുത്ത നമ്പർ റോങ് നമ്പർ ആയതിൽ റീചാർജ് ചെയ്യാനായില്ല. ഈ സമയത്തിനുള്ളിൽ മറ്റൊരാൾ സൈക്കിളെടുത്ത് കിഴക്കഞ്ചേരി റോഡിലൂടെ ഓടിച്ചുപോയി. സുഹൈലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിനു മോഷ്ടാക്കളെക്കുറിച്ചു സൂചന ലഭിച്ചതായാണു വിവരം