അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി
പാലക്കാട്: അലനല്ലൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നടുറോഡിൽ കത്തിക്കുത്ത് നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലിസ് അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും, ആറംഗ സംഘത്തിൽ ഒരാൾ മാത്രമാണ് നിലവിൽ പിടിയിലായിരിക്കുന്നത്. ബാക്കി അഞ്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച അലനല്ലൂർ സെന്ററിലാണ് സംഭവം നടന്നത്. കാട്ടുകുളം സ്വദേശി റഷീദ് ഓടിച്ചിരുന്ന കാർ, പ്രദേശവാസികളായ ആറംഗ സംഘം സഞ്ചരിച്ച മറ്റൊരു കാറിൽ ഇടിച്ചു. ഇതിനെ തുടർന്ന് ഇരു കൂട്ടർക്കുമിടയിൽ ചെറിയ വാക്കുതർക്കം അക്രമ സക്തമാവുകയായിരുന്നു.
പ്രതികളെ പിടികൂടാൻ എത്തിയ പൊലിസിന് നേരെയും സംഘം കത്തി വീശി. ഇതോടെ നാട്ടുകാർ കമ്പുകളും വടികളുമായി പ്രതികൾക്കെതിരെ സംഘടിച്ചെത്തി. പ്രതികൾ പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണെന്നും നാട്ടുകാർ ആരോപിച്ചു.









