കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് കുത്തേറ്റു.
യുവതിയോട് പൂവ് വേണമോ എന്ന് ചോദിച്ചു, പിന്നാലെ വ്യാപാരികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം; കുത്തേറ്റു
കുണ്ടമ്പലത്തിന് സമീപത്ത് വെച്ചുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർക്ക് കുത്തേറ്റത്. ക്ഷേത്രത്തില്‍ പ്രാർത്ഥിക്കാനായി വന്ന യുവതിയോട് പൂവ് വേണമോ എന്ന് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.
യുവതിയുടെ കൂടെ വന്ന യുവാക്കളും വ്യാപാരികളും തമ്മിലാണ് സംഘർഷമുണ്ടായത്. ക്ഷേത്രത്തിലെക്കെത്തിയ യുവതിയോട് പൂവ് വേണമോ എന്ന് വ്യാപാരികള്‍ ചോദിച്ചത് യുവാക്കള്‍ ചോദ്യം ചെയ്തു.
തുടർന്നാണ് തമ്മില്‍ത്തല്ല് ആരംഭിച്ചത്. ഇതിനിടെ യുവാക്കള്‍ പൂവ് മുറിക്കാനുപയോഗിക്കുന്ന കത്രികയെടുത്ത് വ്യാപാരികളായ തോണിപ്പാളയം സ്വദേശി വിഷ്ണു, സുന്ദരം കോളനി സ്വദേശികളായ ഷാജി, ഷമീർ എന്നിവരെ ആക്രമിച്ചു.
മൂവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്









