ഒറ്റപ്പാലം
ആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ കദീജ കൊല്ലപ്പെട്ട കേസിൽ ഒറ്റപ്പാലം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന കദീജയുടെ സഹോദരിയുടെ മകൾ തെക്കേത്തൊടിയിൽ ഷീജ (44) ഒന്നും മകൻ യാസിർ (21) രണ്ടും പ്രതിയായാണ് കുറ്റപത്രം. 69 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
എല്ലാ തെളിവുകളും ശേഖരിച്ച് കുറ്റം തെളിയിക്കുന്ന കുറ്റപത്രമാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചതെന്ന് സിഐ വി ബാബുരാജൻ പറഞ്ഞു. ജ്വല്ലറിയിൽനിന്ന് ഡിജിറ്റൽ തെളിവ് ശേഖരിച്ചു. രണ്ടുപേരിൽനിന്ന് 164 വകുപ്പ് പ്രകാരം ജഡ്ജി നേരിട്ട് മൊഴി രേഖപ്പെടുത്തി. സ്വർണവും പണവും കൈക്കലാക്കാൻ കദീജയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 90 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്. സെപ്തംബർ ഒമ്പതിനാണ് കദീജയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണം കൈക്കലാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.