അറുപതുകാരിയെ ആക്രമിച്ച് സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ
ആലത്തൂർ
തനിച്ച് താമസിച്ച അറുപതുകാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്ന് പേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേലാർകോട് വലതല മോഹനൻ (42), പൂക്കുറുശി വീട്ടിൽ വിഷ്ണു (19), ചിറ്റിലഞ്ചേരി പനംകുളമ്പ് തുടിക്കോട് വീട്ടിൽ വിനോദ് (19) എന്നിവരാണ് അറസ്‌റ്റിലായത്. സെപ്തംബർ എട്ടിന് രാത്രിയാണ് പുതിയങ്കത്ത് പേഴുംപറമ്പ് പൊന്നു(60) വിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് സൈക്കിൾ കേബിൾ കൊണ്ട് കഴുത്ത് മുറുക്കി ബോധരഹിതയാക്കി ഒരു പവൻ മാല കവർന്നത്.
തെളിവുകൾ ഒന്നുമില്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്ത് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി മോഹനൻ ആലത്തൂർ, നെന്മാറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവിന് അടിമകളായ പ്രതികൾ അതിന് പണം കണ്ടെത്താനാണ് കവർച്ച ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ സി ഐ റിയാസ് ചാക്കീരി, എസ് ഐ ജിഷ്മോൻ വർഗീസ്, എസ് ഐ ഗിരീഷ് കുമാർ, ഗ്രേഡ് എസ് ഐ സാം ജോർജ്, എ എസ് ഐ ജയന്നിവാസൻ, സീനിയർ സിപിഒ ബ്ലെസൻ ജോസ്, വിവേക്, ഷിബു, ഷിജു, വിനു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.