വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ വിവിധ കവർച്ച സംഭവങ്ങളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി റിൻഷാദ് (22), കിഴക്കഞ്ചേരി കുന്നങ്കാട് സ്വദേശി ഷാബിർ (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ റേഷൻ കടയിലേക്ക് പോകുകയായിരുന്ന കുറുവായ് സ്വദേശി മീനാക്ഷിയുടെ (75) രണ്ടര പവെൻറ മാല സ്കൂട്ടറിലെത്തി ഇരുവരും കവർന്നിരുന്നു. ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിച്ച് മുങ്ങുന്ന സംഘം മേഖലയിൽ പരിഭ്രാന്തി പടർത്തിയതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയത്.
ഇരുവരും മേഖലയിലെ പ്രധാന ലഹരി ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു. കവർച്ചക്ക് ശേഷം മൂന്നാറിലെയും തമിഴ്നാട്ടിലെയും സുഖവാസ കേന്ദ്രങ്ങളിലേക്ക് കടന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മുടപ്പല്ലൂർ ചെല്ലുപടിയിൽ സ്ത്രീയുടെ മാല പൊട്ടിച്ചതും വടക്കഞ്ചേരി ഡയാന ഹോട്ടലിന് പിൻവശം ചുണ്ടക്കാട് സ്ത്രീയുടെ മാല പൊട്ടിച്ചതും ഇരുവരും ചേർന്നാണെന്ന് പൊലീസിന് മൊഴി നൽകി.










