അഗളി ∙ അട്ടപ്പാടിയിൽ ബന്ധുക്കൾ തമ്മിലുള്ള സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ് ആദിവാസി മരിച്ചു. താഴെ പരപ്പന്തറ ഊരിൽ നാഗൻ (55) ആണു മരിച്ചത്. ഭാര്യാസഹോദരൻ വെള്ളങ്കിരി (47) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണു സംഭവം. നാഗന്റെയും വെള്ളങ്കിരിയുടെയും കുടുംബങ്ങൾ തമ്മിൽ സ്വത്ത് തർക്കത്തെ തുടർന്നാണു സംഘർഷമുണ്ടായത്. തലയിൽ കല്ലുകൊണ്ടുള്ള ഏറ് ഏറ്റ നാഗനെ കോട്ടത്തറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ വെള്ളങ്കിരി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. നാഗന്റെ ഭാര്യ ഭദ്രി. മക്കൾ പഴനിസ്വാമി, ശക്തിവേൽ.