വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒളിവിൽ കഴിഞ്ഞത് പൂജാരി ചമഞ്ഞ്; ഒടുവിൽ സൂരജ് കുട്ടൻ വലയിലായി
കൊല്ലങ്കോട് ): അന്തർസംസ്ഥാന വാഹന മോഷ്ടാവും ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമായ തൃശൂർ മേലൂർ കൂമുള്ളി വീട്ടിൽ സൂരജ് കുട്ടൻ (49) ബംഗളൂരുവിൽ ഒളിവിൽ കഴിയവെ പിടിയിലായി. 2011ൽ കൊല്ലേങ്കാട് സബ് രജിസ്ട്രാർ ഓഫിസിനു പിറകുവശത്തെ വീട്ടിൽനിന്ന് 1,10,000 രൂപയുടെ സ്വർണം മോഷ്ടിച്ച കേസിലും പെരുങ്ങോട്ടുകാവ് സുനിൽ വിഹാറിൽ ചന്ദ്രെൻറ വീട്ടിൽനിന്ന് 1,75,000 രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിലും കൊല്ലങ്കോട് ചിക്കണാംപാറ സെയ്ദ് ഇബ്രാഹിമിെൻറ വിട്ടീൽനിന്ന് 45,000 രൂപയുടെ സ്വർണമാല കവർന്ന കേസിലും പ്രതിയാണ്.
1990കളിൽ സംസ്ഥാനത്ത് പലയിടത്തും മോഷണ പരമ്പര നടത്തിയ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി പുല്ലൂർ ബെന്നിയുടെ കൂട്ടാളിയാണ് സൂരജ്കുട്ടൻ. 2011ൽ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപോയ സൂരജ്കുട്ടനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ കർണാടകയിലെ ഷിമോഗ, സുള്യ, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽ വിവിധ പേരുകളിലും വേഷത്തിലും ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ല പൊലീസിെൻറ സ്പെഷൽ സ്ക്വാഡിെൻറ നിരന്തര നിരീക്ഷണത്തിലാണ് ഒളിയിടം കണ്ടെത്തിയത്.










