ആനക്കൊമ്പുമായി പിടിയിലായ പ്രതികളും കസ്റ്റഡിയിലെടുത്ത ബൈക്കുമായി വനം വകുപ്പ് സംഘം.
പാലക്കാട്: ആനക്കൊമ്പുമായി തമിഴ്നാട് സ്വദേശികളടക്കം മൂന്നുപേർ പാാലക്കാട്ട് പിടിയിൽ. കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശികളായ കറുപ്പുസ്വാമി (41), റഹ്മത്തുള്ള (43), പാലക്കാട് കൽമണ്ഡപം സ്വദേശി ഫൈസൽ (44) എന്നിവരാണ് വനം വകുപ്പ് ഫ്ളയിങ് സ്ക്വാഡിന്റെ പിടിയിലായത്. വാളയാർ റേഞ്ച് ഓഫീസർ കേസെടുത്തു. രണ്ട് ആനക്കൊമ്പും ബൈക്കും ഇവരിൽനിന്ന് പിടിച്ചെടുത്തു.
പാലക്കാട് – കോയമ്പത്തൂർ റോഡിൽ കൽമണ്ഡപത്തെ സ്വകാര്യ ഹൈപ്പർ മാർട്ടിനുപിന്നിൽ വിൽപ്പന നടത്തവേയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു. കുട്ടിയാനയുടേതാണ് കൊമ്പുകളെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ടതും ചരിഞ്ഞതുമായ ആനകളുടെ വിവരം ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തും. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഫ്ളയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. ദിലീപ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എച്ച്. നൗഷാദ്, കെ. ഗിരീഷ്, ആർ. ബിനു, പി. ബിനോയ് ജയ്സൺ, ആർ. രാമകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ആനക്കൊമ്പ് പിടികൂടിയത്.