രാഷ്ട്രീയ വിവാദത്തില്‍ പൊള്ളി വയനാട്
എം സി ഷഫീഖ്
കണ്ണൂര്‍: പൊതുവെ വയനാടിന്റെ കാലാവസ്ഥ തണുപ്പ് പകരുന്നതാണ്. എന്നാല്‍, സമീപകാലത്തെ കാലാവസ്ഥ വ്യതിയാനത്തില്‍ വയനാടിന്റെ സ്വാഭാവിക തണുപ്പ് നഷ്ടമാവുകയും ചൂടില്‍ വിയര്‍ക്കാനും തുടങ്ങിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ്, ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. ഈ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയില്‍ പ്രതിഷേധ സമരങ്ങളുമായി കക്ഷി – രാഷ്ട്രീയ ഭേദമന്യേ പലരും രംഗത്ത് വന്നിരിക്കെയാണ്, സമരത്തിന് തുരങ്കം വെച്ച് എസ് എഫ് ഐയുടെ അക്രമം അരങ്ങേറിയതെന്ന ആക്ഷേപമാണ് നാടെങ്ങും. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച വയനാട് എം പി രാഹുല്‍ഗാന്ധിയെയാണ് ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ എസ് എഫ് ഐ ശ്രമിച്ചതെങ്കിലും, അക്രമത്തിലൂടെ മുഖം നഷ്ടപ്പെട്ടത് സി പി എമ്മിനും പിണറായി മന്ത്രിസഭക്കുമാണ്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേരളത്തിലെ കര്‍ഷകര്‍ക്കു തിരിച്ചടിയാകുമ്പോഴും വിഷയത്തിന് അര്‍ഹമായ ഗൗരവം സംസ്ഥാന സര്‍ക്കാര്‍. നല്‍കുന്നില്ലെന്ന ആക്ഷേപം പ്രതിപക്ഷത്തിനും കര്‍ഷക സംഘടനകള്‍ക്കുമുണ്ട്. സര്‍വകക്ഷി യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനിടയിലാണ്, രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ നടന്ന എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എകെജി സെന്ററിന്റെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യിപ്പിച്ചതാണ് ഇതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപണത്തോടെ, രാഷ്ട്രീയ ഭൂപടത്തില്‍ വയനാട് ആരോപണ പ്രത്യാരോപണത്തില്‍ പൊള്ളുമെന്ന കാര്യത്തില്‍ ഏതാണ്ടുറപ്പായി. അതേസമയം കല്‍പ്പറ്റയിലുള്ള രാഹുല്‍ഗാന്ധി എം പിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ സി പി എം, കാരണക്കാരായ എസ് എഫ് ഐ നേതൃത്വത്തെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു. സിപിഎം നേതൃയോഗങ്ങള്‍ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ വിളിച്ചു വരുത്തിയത്. ഇരുവരില്‍നിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടി. നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല മാര്‍ച്ച് നടന്നതെന്ന് ഇരുവരും സിപിഎം നേതാക്കളെ അറിയിച്ചു. എംപിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി അക്രമം കാണിച്ചതിനോട് യോജിപ്പില്ലെന്ന് വി.പി.സാനു പറഞ്ഞു. എസ്എഫ്ഐ നേതൃത്വം അറിഞ്ഞല്ല മാര്‍ച്ച് നടന്നതെന്നു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. പ്രതിഷേധം എന്ന നിലയില്‍ ജില്ലാ നേതൃത്വമാണ് പരിപാടി നടത്തിയത്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ ആലോചിച്ച പരിപാടി ആയിരുന്നില്ല. അക്രമത്തെ അപലപിക്കുന്നുവെന്നും എസ് എഫ് ഐ നേതാക്കന്മാര്‍ നിലപാട് കൈകൊണ്ടു.
യഥാര്‍ത്ഥത്തില്‍, രാഹുല്‍ എം പിയുടെ ഓഫിസ് ആക്രമിച്ചതിന് മാത്രമല്ല, സി പി എമ്മും സര്‍ക്കാറും മറുപടി പറയേണ്ടത്, ഒപ്പം ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ഇനി നടപടി എടുക്കേണ്ടത് ആരെന്ന ചോദ്യത്തിന് കൂടിയാണ്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം വന്നിട്ടും സര്‍വകക്ഷി യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിലപാടറിയിക്കാന്‍ 3 മാസം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും അടുത്ത മാസം 12 ന് റിവ്യു ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവര്‍ത്തിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരത്തെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണിനായി തീരുമാനമെടുത്തിരുന്നു എന്ന വൈരുധ്യവും നിലനില്‍ക്കുന്നുവെന്നത് സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്യും. തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കും വിദ്യാര്‍ത്ഥി സംഘടനയുടെ അക്രമത്തിനും പുറമെ, 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല മേഖല എന്ന നിലയില്‍ കരട് വിജ്ഞാപനം തയാറാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നുവെന്ന ആക്ഷേപത്തിനും കൂടിയാണ് പിണറായി സര്‍ക്കാര്‍, ജനസമക്ഷം മറുപടി പറയേണ്ടി വരിക.