അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മത്സരം
ഒറ്റപ്പാലം: അനങ്ങനടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം – സി.പി.ഐ സ്ഥാനാർഥികൾ നേർക്കുനേർ.
സീറ്റ് ചർച്ചയിൽ തർക്കം പരിഹരിക്കാതിരുന്ന ഏഴാം വാർഡിലാണ് (അമ്പലവട്ടം) സി.പി.ഐ സ്ഥാനാർഥിയായി കെ. പാറുക്കുട്ടിയും സി.പി.എം സ്ഥാനാർഥിയായി പി. രാജലക്ഷ്മിയും മത്സരിക്കുന്നത്. സി.പി.ഐക്ക് പതിവുള്ള സീറ്റിൽ തർക്കത്തെ തുടർന്ന് ഇത്തവണ സി.പി.എം സ്ഥാനാർഥിയെ പാർട്ടി നിശ്ചയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സി.പി.ഐ, സി.പി.എം മത്സരം നേർക്കുനേർ ഉടലെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാണ് ഇവിടെനിന്നും ജയിച്ചത്. 15 വാർഡുകളുള്ള പഞ്ചായത്തിൽ ഏഴ് കോൺഗ്രസും മൂന്ന് സ്വതന്ത്രർ ഉൾെപ്പടെ എട്ട് ലീഗ് സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്.
സി.പി.എമ്മിന് 15 വാർഡിലും സ്ഥാനാർഥികളുണ്ട് . അഞ്ചാം വാർഡിൽ ശിവസേനയുടെ സ്ഥാനാർഥിയും 13 വാർഡുകളിൽ ബി.ജെ.പി യും മത്സരിക്കുന്നുണ്ട്. 12ാം വാർഡിൽ മാത്രമാണ് (കോട്ടക്കുളം ) ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലാത്തത്