ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വഹിക്കും.
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ചെക്ക്പോസ്റ്റ് പാല് ഗുണ നിലവാര പരിശോധന കേന്ദ്രം, കിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളര്‍ എന്നിവ ക്ഷീരവികസന വകുപ്പ് മന്ത്രി.കെ.രാജു ഇന്ന് (ഒക്ടോബര്‍ 31) ഉദ്ഘാടനം ചെയ്യും.
പൊമ്പ്ര ക്ഷീര സഹകരണ സംഘം ഉദ്ഘാടനം രാവിലെ 10 ന്
ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്ന ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ 6, 12 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊമ്പ്ര ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന പൊമ്പ്ര ക്ഷീര സംഘം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 31) രാവിലെ 10 ന് മന്ത്രി കെ.രാജു നിര്‍വഹിക്കും. പൊമ്പ്ര ക്ഷീര സഹകരണ സംഘം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ പി.ഉണ്ണി എം.എല്‍.എ. അധ്യക്ഷനാവും.
സംസ്ഥനത്തെ പാലുല്പാദനം സ്വയം പര്യാപ്തതയിലെത്തിക്കുന്നതിനും ഗ്രാമീണ സമ്പദ്ഘടനയുടെ പുരോഗതി, ക്ഷീര സംഘങ്ങള്‍ കൈകാര്യം ചെയ്യുന്ന പാലളവില് വര്ധനവുണ്ടാക്കുക, കൂടുതല്‍ ക്ഷീര കര്‍ഷകരെ സഹകരണ കൂട്ടായ്മയിലേക്ക് പങ്കാളികളാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊമ്പ്രയിലെ പാല് ഉത്പാദനത്തില്‍ പ്രതിദിനം ശരാശരി 500 ലിറ്ററിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പൊമ്പ്ര ക്ഷീരസംഘം മുഖേന പാല് സംഭരിക്കുന്നത് വഴി കര്‍ഷകര്‍ക്ക് തങ്ങളുടെ പാലിന് വിപണി കണ്ടെത്താനും സ്ഥിരവരുമാനം ലഭ്യമാക്കാനും കഴിയും.
പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം കെ ദേവി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, പൊമ്പ്ര ക്ഷീര സംഘം ചീഫ് പ്രൊമോട്ടര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മീനാക്ഷിപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈകീട്ട് നാലിന്
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബള്‍ക്ക് മില്‍ക്ക് കൂളര്‍, ചെക്ക് പോസ്റ്റ് ഗുണനിലവാര പരിശോധന കേന്ദ്രം, കിടാരി പാര്‍ക്കുകള്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 31) വൈകിട്ട് നാലിന് മന്ത്രി കെ. രാജു നിര്‍വഹിക്കും. മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും.
ബള്‍ക്ക് മില്‍ക്ക് കൂളര്‍
ക്ഷീരവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നിന്നും 7.80 ലക്ഷം രൂപ ചെലവില്‍ ചിറ്റൂര്‍ ബ്ലോക്കിലെ കുമരന്നൂര്‍ സംഘത്തില്‍ സ്ഥാപിച്ച 5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.
കുമരന്നൂര്‍, മൂലത്തറ കിടാരി പാര്‍ക്കുകള്‍
സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം സ്ഥാപിക്കുന്ന നാല് ഹീഫര്‍ പാര്‍ക്കുകളില്‍ രണ്ടെണ്ണം ചിറ്റൂര്‍ ബ്ലോക്കിലെ എരുത്തേമ്പതി പഞ്ചായത്തിലെ കുമരന്നൂര്‍ ക്ഷീര സംഘത്തിലും, പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ക്ഷീര സംഘത്തിലുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഹീഫര്‍ പാര്‍ക്കുകളില്‍ 50 കിടാരികളെ വീതം വാങ്ങി പശുക്കളാക്കി കര്‍ഷകര്‍ക്ക് വിപണനം നടത്തുകയാണ് പദ്ധതി ലക്ഷ്യം. ഈ ഹീഫര്‍ പാര്‍ക്ക് ഒന്നിന് 15 ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ധനസഹായമായി നല്‍കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് ഉരുക്കളെ വാങ്ങുമ്പോള്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഹീഫര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ കൃഷ്ണഗിരി, ഹരിയാന, പല്ലടം, കുന്നത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കിടാരികളെ എത്തിച്ചിരിക്കുന്നത്.
ചെക്ക് പോസ്റ്റ് ലബോറട്ടറി
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് വഴി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പാല് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീനാക്ഷിപുരത്ത് ചെക്ക് പോസ്റ്റ് ലബോറട്ടറി നവീകരിച്ചത്. 30.18 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. നിലവിലുള്ള പരിശോധനകള്‍ക്കുപുറമെ ആന്റിബയോട്ടിക്, അഫ്ലാ ടോക്സിന് എന്നിവയുടെ സാന്നിദ്ധ്യവും, അണുഗുണനിലവാരവും കൂടി പരിശോധിക്കുന്നതിനുള്ള സൗകര്യം പുതിയ ലാബില്‍ ഉണ്ടാകും .
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടികളില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ചെയര്മാന്. കെ. എസ് മണി , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. എസ് ജയസുജീഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.