പാലക്കാട്: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനത്തിരക്കുള്ള ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവർത്തിക്കുന്നതിന് താഴെപറയുന്ന നിർദേങ്ങൾ പുറപ്പെടുവിച്ച് ജില്ലാകലക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു.
എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും തിരക്ക് കുറയ്ക്കാനായി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. രാത്രി ഒന്പത് വരെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം പേർ മാത്രമേ ഇരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കാൻ പാടുകയുള്ളൂ.
രാത്രി ഒന്പത് മുതൽ 11 വരെ ടേക്ക് എവേ/ പാഴ്സൽ സംവിധാനം മാത്രമാണ് അനുവദിക്കുക. ഹോട്ടൽ, റസ്റ്റോറന്റ് ജീവനക്കാരുടെയും പൊതുജനങ്ങളുടേയും സുരക്ഷയ്ക്കായി ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ഹോട്ടലുകളും റസ്റ്റോറന്റുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം .