തദ്ദേശ തിരഞ്ഞെടുപ്പ് :കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും
ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതിനായി ഇവരുടെ വിശദാംശങ്ങൾ ഡിസംബർ ഒന്നു മുതൽ ഡിസംബർ 9 വൈകിട്ട് 3 വരെ ശേഖരിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സഹായത്തോടെ ആയിരിക്കും വിശദാംശങ്ങൾ ശേഖരിക്കുക. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ മാർക്കുള്ള യോഗത്തിൽ ജില്ലാ കലക്ടർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും വീഴ്ച കൂടാതെ നടപ്പിലാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. എല്ലാ സ്ഥാനാർഥികളും പ്രചാരണത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ പി.പി പ്രമോദ്, ബ്ലോക്ക് വരണാധികാരികൾ എന്നിവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്