പാലക്കാട്
ജില്ലയിൽ കോവിഡ് വ്യാപനം കുറയുന്നില്ല. ദിവസവും ആയിരത്തിനു മുകളിലാണ് രോഗികളുടെ എണ്ണം. രോഗ സ്ഥിരീകരണ നിരക്ക് ക്രമേണ ഉയരുകയാണ്. ജൂലൈയിൽ ഇതുവരെ 26,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,08,599 പരിശോധന നടത്തി. ജൂണിൽ ആകെ 56,334 പേർക്കാണ് രോഗം ബാധിച്ചത്. ഏപ്രിൽ മുതലാണ് ജില്ലയിൽ രോഗ നിരക്ക് ഉയർന്നത്. ഏപ്രിലും മെയിലുമായി 4,67,501 പരിശോധന നടത്തി, 90,442 പേർക്ക് കോവിഡ് കണ്ടെത്തി. ഏപ്രിൽ ഒന്നു മുതൽ ജൂലൈ 24 വരെ 9,33,257 പരിശോധന നടത്തിയതിൽ 1,73,579 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
17 മുതൽ 24 വരെയുള്ള ഒരാഴ്‌ചയിലെ കണക്ക് പരിശോധിച്ചാൽ രോഗ ബാധിതരുടെ എണ്ണം ഉയരുന്നതായി വ്യക്തമാവും. 17 ന് 1140 പേർക്ക് രോഗം ബാധിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 11.21 ശതമാനമായിരുന്നു. 18, 19 തീയതികളിൽ കണക്ക് ആയിരത്തിന് താഴെയായി. 18ന് 952 പേർക്കും 19 ന് 846 പേർക്കും രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരണ നിരക്ക് യഥാക്രമം 12.10 ഉം 13.21 ഉം ശതമാനമാണ്. 20 ന് രോഗബാധിതരുടെ എണ്ണം 1237 ലെത്തി. സ്ഥിരീകരണ നിരക്ക് ഉയർന്ന് 14.2 ശതമാനത്തിൽ എത്തി. 21 ന് 1394 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 13.21 ശതമാനമായി. 22 ന് രോഗബാധിതർ 1095 ആണ്. സ്ഥിരീകരണ നിരക്ക് ഉയർന്ന് 18.39 ശതമാനത്തിലെത്തി. 23 നാവട്ടെ സ്ഥിരീകരണ നിരക്ക് വീണ്ടും ഉയർന്ന് 18.90 ൽ എത്തി. 1455 പേർക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്‌ച കണക്ക് വീണ്ടും ഉയർന്ന് 1624 ൽ എത്തി. സ്ഥിരീകരണ നിരക്ക് 17.59 ശതമാനമാണ്.
ജില്ലയിൽ ഇതുവരെ 11.84 ലക്ഷം പേർക്ക് വാക്‌സിൻ നൽകി. 8,25,485 പേർക്ക് ഒന്നാം ഡോസും 3,58,271 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി.