വയോജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനായി സഹായകേന്ദ്രം : ടോൾ ഫ്രീ നമ്പർ -0491 2001000
കോവിഡ് രോഗ പശ്ചാത്തലത്തിൽ വയോജനങ്ങൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷന് വേണ്ടി 0491-2001000 എന്ന ടോൾഫ്രീ നമ്പറിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സഹായകേന്ദ്രം ആരംഭിച്ചു.
കല്ലേക്കാട് അങ്കണവാടിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സഹായകേന്ദ്രം പ്രവർത്തിക്കുന്നത്. വയോജനങ്ങൾക്കോ ബന്ധുക്കൾക്കോ മേൽ നമ്പറിൽ വിളിച്ച് രജിസ്ട്രേഷൻ നടത്താം.
വയോജനങ്ങളുടെ ആധാർ നമ്പർ, ആധാർ കാർഡ് പ്രകാരമുള്ള പേര്, മേൽവിലാസം, ജനനവർഷം, ഫോൺ നമ്പർ, സമീപത്തെ വാക്സിനേഷൻ സെന്റർ എന്നിവയുടെ വിവരങ്ങൾ കൈമാറി രജിസ്ട്രേഷൻ നടത്താം. തുടർന്ന് ഹെൽപ് ഡെസ്കിൽ ഉള്ളവർ സ്മാർട്ട് ഫോൺ മുഖേന കോവിൻ സൈറ്റിൽ ഈ വിവരങ്ങൾ രേഖപ്പെടുത്തുകയും വയോജനങ്ങളുടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ലഭ്യമാകുന്ന രജിസ്ട്രേഷൻ ഐഡി വയോജനങ്ങൾക്ക് കൈമാറുകയും ചെയ്യും. പ്രസ്തുത ഐഡി ഉപയോഗിച്ച് വയോജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിക്കാം.
കോവിഡ് പശ്ചാത്തലത്തിൽ ജില്ലകളിലുള്ള മെഡിക്കൽ ടീമിന്റെ സഹായത്തോടെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വയോജനങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുക, കിടപ്പു രോഗികളായ വയോജനങ്ങൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്നതിനുള്ള സഹായങ്ങൾ ചെയ്യുക, ജില്ലയിലെ മുഴുവൻ വയോജനങ്ങൾക്കും സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സഹായ കേന്ദ്രം പ്രവർത്തിക്കുന്നത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്